അയോധ്യ: ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. എ.എ.പി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും അയോധ്യയിലെ രാമജന്മഭൂമിയിലും ഹനുമാനഗരി ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥന നടത്തിയാണ് പ്രചാരണം ആരംഭിച്ചത്.
ചൊവ്വാഴ്ച ഫൈസാബാദിൽ ആം ആദ്മി പാർട്ടിയുടെ തിരംഗ യാത്രക്കും ഇരുവരും നേതൃത്വം നൽകും. 18ാം നൂറ്റാണ്ടിലെ നവാബ് ഷുജാവുദ്ദൗലയുടെ മഖ്ബറയിൽനിന്ന് ആരംഭിച്ച് നഗരത്തിലെ ഗാന്ധി പാർക്കിൽ യാത്ര അവസാനിക്കും.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള സഞ്ജയ് സിങ്ങും ക്ഷേത്രത്തിൽവെച്ച് മന്ത്രോച്ചാരണങ്ങൾ ഉരുവിട്ടാണ് പ്രാർത്ഥന നിർവഹിച്ചത്. കൂടാതെ സരയൂ നദിയിൽ മുങ്ങുകയും സാധുക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ രാമരാജ്യം സ്ഥാപിക്കാൻ ശ്രീരാമനോടും എ.എ.പിയെ അനുഗ്രഹിക്കാൻ ഹനുമാനോടും പ്രാർത്ഥിച്ചതായി സിസോദിയ പറഞ്ഞു. അതുവഴി ഉത്തർപ്രദേശിൽ ആപ്പ് സർക്കാർ രൂപീകരിക്കാനും സംസ്ഥാനത്തെ ജനങ്ങൾക്ക് ഡൽഹിയിലെ പോലെ നല്ല വിദ്യാഭ്യാസം, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ, വൈദ്യുതി, വെള്ളം, തൊഴിൽ എന്നിവ നേടാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ശുദ്ധമായ ഭരണത്തിനും ഭരണനിർവഹണത്തിനുമുള്ള ഏറ്റവും വലിയ പ്രചോദനം രാമരാജ്യമാണ്. ശ്രീരാമന്‍റെയും വിശുദ്ധരുടെയും അനുഗ്രഹവും കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സത്യസന്ധതയുടെയും വികസനത്തിന്‍റെയും പുതിയ നിർവചനമായി മാറുകയാണ്. തിരംഗ യാത്ര അത്തരം രാഷ്ട്രീയത്തിന് പുതിയ മാനം നൽകും. ശ്രീരാമചന്ദ്ര ജിയുടെ അനുഗ്രഹത്തോടെ ഞങ്ങൾ ത്രിവർണ്ണപതാക ഉയർത്തുകയും യഥാർത്ഥ ദേശീയത പഠിപ്പിക്കുകയും ചെയ്യും' -സിസോദിയ പറഞ്ഞു.
അയോധ്യയിൽനിന്ന് ആപ്പ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിൽ ഏറെ പ്രാധാന്യമുണ്ട്. ബി.ജെ.പി, എസ്.പി, ബി.എസ്.പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും 2022ലെ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇവിടെനിന്നാണ് ആരംഭിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.