ഉത്തരാഖണ്ഡില്‍ ഉത്തരം എളുപ്പമല്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ്​ ബി.ജെ.പി. തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ കോണ്‍ഗ്രസും. പ്രവചനങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കും തുല്യസാധ്യത കല്‍പ്പിക്കുന്നു എങ്കിലും ആഭ്യന്തര കലഹം ബി.ജെ.പിയെ അക്ഷരാര്‍ഥത്തില്‍ വിഷമവൃത്തത്തിലാക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു മുഖ്യമന്ത്രിമാരെ മാറിമാറി പരീക്ഷിച്ചിട്ടും ദേവഭൂമിയുടെ ഹൃദയം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. അതിനൊപ്പംതന്നെ പാര്‍ട്ടിയോട് കലഹിച്ചു നില്‍ക്കുന്ന എം.എല്‍.എമാര്‍ അടക്കമുള്ള നേതാക്കളെയും പറഞ്ഞൊതുക്കാനും കഴിയുന്നില്ല.

ഉത്തരാഞ്ചലില്‍നിന്നു വേര്‍പെടുത്തി 22 വര്‍ഷം മുമ്പാണ് ഉത്തരാഖണ്ഡ് രൂപവത്​കരിക്കുന്നത്. ഇക്കാലയളവില്‍ മാത്രം 11 മുഖ്യമന്ത്രിമാരുടെ ഭരണം കണ്ടറിഞ്ഞവരാണ് ജനങ്ങള്‍. ഇത്രയും ചുരുങ്ങിയ കാലളയവില്‍ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം മുഖ്യമന്ത്രിമാര്‍ വന്നിട്ടുമുണ്ടാകില്ല.

സംസ്ഥാനത്ത് പിടിച്ചു നില്‍ക്കാനായി മുഖ്യമന്ത്രിമാറ്റം അടിക്കടി പരീക്ഷിച്ചത് ബി.ജെ.പിയാണ്. വിഭാഗീയത രൂക്ഷമായതോടെ ഒരു വർഷത്തിനുള്ളിൽ മൂന്നു​പേരെയാണ്​ മാറ്റിയത്​. ത്രിവേന്ദ്ര സിങ് റാവത്തിനെ ആദ്യം മാറ്റി. തുടര്‍ന്ന് തിരാത് സിങ് റാവത്ത് ചുമതലയേറ്റു. ഒടുവില്‍ ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മന്ത്രിപോലും അല്ലായിരുന്ന 46കാരന്‍ പുഷ്‌കര്‍ സിങ് ധാമിയെ മുഖ്യമന്ത്രിയാക്കി.

അരഡസനിലിധകമുള്ള മുന്‍മുഖ്യമന്ത്രിമാര്‍ പാര്‍ട്ടിക്കുണ്ടെങ്കിലും ധാമിയെ മാത്രം രംഗത്തിറക്കിയാണ് ബി.ജെ.പി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിയുടെ പോസ്റ്ററുകളിലോ, സമൂഹമാധ്യമ കാമ്പയിനുകളിലോ മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ കാണാനേയില്ല. സ്ഥാനാര്‍ഥികള്‍ക്കായുള്ള പ്രചാരണങ്ങളിലേക്കും ഇവര്‍ക്ക് അധികം ക്ഷണം ലഭിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ പറയുന്നു. മുന്‍ മുഖ്യമന്ത്രിയും രണ്ടാം മോദി മന്ത്രിസഭയില്‍ കാബിനറ്റില്‍നിന്നു പുറത്തായ മുന്‍ മാനവ വിഭവ ശേഷി വികസന മന്ത്രിയായിരുന്ന രമേശ് പൊഖ്രിയാലും പ്രചാരണ രംഗത്തില്ല.

ബി.ജെ.പിയിലെ നേതൃപ്രതിസന്ധിയും കര്‍ഷക രോഷവും കോണ്‍ഗ്രസിന്​ വലിയ പ്രതീക്ഷ നൽകുന്നു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്താണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ദേശീയ നേതൃത്വുമായി സ്വരചേര്‍ച്ചയില്ലെങ്കിലും മറ്റൊരു മുഖം ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനില്ലാത്തത് ഹരീഷ് റാവത്തിന് അനുഗ്രഹമായി. സവര്‍ണ വിഭാഗത്തെ മാത്രം ആശ്രയിച്ചായിരുന്നു ഉത്തരാഖണ്ഡ് രാഷ്ട്രീയം. ഇക്കുറി ദലിത് വിഭാഗത്തെ കൂടി കൂട്ടിപിടിക്കാന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഹരീഷ് റാവത്തിന്‍റെ മിക്ക പ്രതികരണങ്ങളിലും രാഷ്ട്രീയ സമവാക്യംമാറുന്നത് കാണാന്‍ സാധിക്കും. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 40നു മുകളില്‍ സീറ്റ് നേടി ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

Tags:    
News Summary - The answer is not easy in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.