മുംബൈ: തീവ്രവാദികൾ മുസ്ലിംകളാണെന്ന് തോന്നിപ്പിക്കുന്ന പൊലീസിന്റെ ഭീകരാക്രമണ മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി മഹാരാഷ്ട്ര സർക്കാറിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ചവരെ അത്തരം മോക്ഡ്രില്ലുകൾ പാടില്ലെന്നും കോടതി നിർദേശിച്ചു. സാമൂഹിക പ്രവർത്തകനായ സയ്യിദ് ഉസാമ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചാണ് വിശദീകരണം തേടിയത്.
ഈയിടെ സംസ്ഥാനത്തെ അഹ്മദ്നഗർ, ചന്ദ്രാപൂർ, ഔറംഗാബാദ് എന്നിവിടങ്ങളിൽ നടത്തിയ മോക്ഡ്രില്ലുകളിൽ തീവ്രവാദിയായി അഭിനയിച്ചയാൾ മുസ്ലിം വേഷമിട്ടതും കീഴ്പ്പെടുത്തിയപ്പോൾ ‘അല്ലാഹു അക്ബർ’ എന്നടക്കം വിളിച്ചുപറഞ്ഞതും വിവാദമായിരുന്നു. പൊലീസ് മോക്ഡ്രില്ലുകൾക്ക് എന്തെങ്കിലും മാർഗനിർദേശങ്ങൾ നിലവിലുണ്ടോ എന്നറിയിക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. പൊലീസ് അധികാരികൾ മുസ്ലിംകളെ ബോധപൂർവം തീവ്രവാദികളാക്കി ചിത്രീകരിക്കുകയാണെന്ന് ഹരജി ആരോപിച്ചു. ഇത്തരത്തിൽ മോക്ഡ്രിൽ തിരക്കഥയുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ അയോഗ്യരാക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.