മദ്റസകളെ മുഖ്യധാരയിലെത്തിക്കാൻ പദ്ധതി തുടങ്ങിയത് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ മക്തബുകൾ, മദ്റസകൾ, ദാറുൽ ഉലൂമുകൾ തുടങ്ങിയ ഇസ്‍ലാമിക മതപാഠശാലകളിലൂടെ ഭൗതിക വിഷയങ്ങളും പഠിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ 2004ൽ കേന്ദ്ര സർക്കാർതന്നെയാണ് അവക്ക് അംഗീകാരവും സർക്കാർ സഹായവും നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഇങ്ങനെ അംഗീകാരം നേടിയ മുഴുവൻ മദ്റസകളും 2009ലെ വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാൻ കഴിഞ്ഞ ജൂൺ ഏഴിന് ദേശീയ ബാലാവകാശ കമീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ നിർദേശിച്ചിരുന്നുവെന്ന് ഹരജിക്കാരായ ജംഇയ്യതുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.

അതിനുശേഷം ജൂൺ 25ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് കമീഷൻ മറ്റൊരു കത്തയച്ചു. രാജ്യത്തെ എല്ലാ മദ്റസകളിലും പരിശോധന നടത്താനും വിദ്യാഭ്യാസ അവകാശ നിയമത്തിനും യു.ഡി.എസ്.ഐ.ഡി കോഡിനും അനുസൃതമല്ലാത്ത വിധം പ്രവർത്തിക്കുന്ന എല്ലാത്തിന്റെയും അംഗീകാരം അടിയന്തരമായി റദ്ദാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇവക്കുള്ള സർക്കാർ സഹായങ്ങൾ നിർത്തണമെന്നായിരുന്നു മറ്റൊരാവശ്യം. രാജ്യത്തെ അംഗീകാരമുള്ളതും ഇല്ലാത്തുമായ മുഴുവൻ മദ്റസകളെയും കുറിച്ചുള്ള വിവരശേഖരണത്തിന് നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടുള്ള ശിപാർശയും ഈ കത്തിലുണ്ടായിരുന്നു.

ഇതിന് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, അംഗീകൃത മദ്റസകളെക്കുറിച്ച് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ 26ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി എല്ലാ ജില്ല കലക്ടർമാർക്കും കത്തെഴുതി. അംഗീകാരമില്ലാത്ത മദ്റസകളിലെ മുഴുവൻ വിദ്യാർഥികളെയും സർക്കാർ, എയ്ഡഡ് മദ്റസകളിൽ പഠിക്കുന്ന അമുസ്‍ലിം വിദ്യാർഥികളെയും സർക്കാർ സ്കൂളുകളിലേക്ക് മാറ്റണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.

കഴിഞ്ഞ ആഗസ്റ്റ് 28ന് ത്രിപുര സർക്കാറും സമാന നിർദേശം ജില്ല കലക്ടർമാർക്ക് നൽകി. ഏതാനും ദിവസം മുമ്പ് ഉത്തരാഖണ്ഡിലെ അംഗീകാരമുള്ള 30 മദ്റസകളും അടച്ചുപൂട്ടാൻ ദേശീയ ബാലാവകാശ കമീഷൻ നിർദേശം നൽകി. മദ്റസകൾക്കെതിരെയുള്ള ബാലാവകാശ കമീഷൻ നിർദേശങ്ങളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമീഷൻ ജൂലൈ 10ന് കേന്ദ്ര സർക്കാറിനും മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കത്തെഴുതി. ഇതിനിടയിൽ മദ്റസകൾ ഭീകരവാദ കേന്ദ്രങ്ങളാണെന്നും അടച്ചുപൂട്ടണമെന്നും പ്രസ്താവന നടത്തിയ ദേശീയ ബാലാവകാശ കമീഷൻ അത് വിവാദമായതോടെ കരണം മറിഞ്ഞിരുന്നു.

Tags:    
News Summary - The Center has started a plan to mainstream Madrasa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.