ഹൈദരാബാദ്: കേന്ദ്രസർക്കാറിനെ 'രക്തം കുടിക്കുന്ന പിശാച്' എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ബി.ജെ.പി രാജ്യത്തിന് ഭീഷണിയാണ്. അവരെ പുറത്താക്കാൻ താൻ നേതൃത്വം നൽകും. ഈ പരിശ്രമത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹൈദരാബാദിന് സമീപം കൊംഗരകാലനിൽ പുതിയ കലക്ടറേറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാറുകളെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജനങ്ങൾ ഭൂരിപക്ഷം നൽകി ഭരണത്തിലേറ്റിയ സർക്കാറുകളെ അധികാരം ഉപയോഗിച്ച് അട്ടിമറിക്കുകയാണ്. എം.എൽ.എമാർക്ക് 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് തന്റെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണം ഇതിന് ഏറ്റവും പുതിയ തെളിവാണ്. തെലങ്കാനയിലെ സാമുദായിക സൗഹാർദം തകർക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്. നാം വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പടുത്തുയർത്തിയ ഐക്യവും പരസ്പര സൗഹാർദവും തെരഞ്ഞെടുപ്പ് നേട്ടത്തിനായി തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.