ഡൽഹിയുടെ അതിരുകളിൽ നാല് ഋതുഭേദങ്ങൾ കുത്തിയിരുന്ന പതിനായിരക്കണക്കിന് കർഷകരുടെ രോഷത്തിന് മുമ്പിൽ കുലുങ്ങാത്ത കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സ്വന്തം ജനങ്ങൾക്ക് മുന്നിൽ കിതക്കുകയാണ് ചമ്പലിലെ ദിംനിയിൽ. പാർട്ടി കേന്ദ്ര നേതൃത്വം അടിച്ചേൽപിച്ച തീരുമാനത്തെ തുടർന്ന് സ്വന്തം ലോക്സഭ മണ്ഡലത്തിൽ നിയമസഭ സ്ഥാനാർഥിയായി മാറിയ വി.ഐ.പി മൂന്നാംസ്ഥാനത്താകുമോ എന്നാണ് മൊറേനയിലെ ബി.ജെ.പി പ്രവർത്തകരുടെ ആശങ്ക.
മധ്യപ്രദേശ് സംസ്ഥാന ബി.ജെ.പി പ്രചാരണ കമ്മിറ്റി ചെയർമാൻ കൂടിയായ തോമറിനെ സ്ഥാനാർഥിയായി ബി.ജെ.പി ദേശീയ നേതൃത്വം പ്രഖ്യാപിച്ചിട്ടും മൂന്നാഴ്ച കഴിഞ്ഞാണ് കേന്ദ്ര മന്ത്രി തന്റെ മണ്ഡലം കാണാനെത്തുന്നത്. ലോക്സഭയിലേക്ക് ജയിച്ചുപോയതിൽ പിന്നെ മണ്ഡലത്തിലേക്ക് ഒരിക്കൽപോലും തിരിഞ്ഞുനോക്കാത്ത തോമറിനോടുള്ള രോഷമായിരുന്നു എങ്ങും.
തോമറിനെ കുറിച്ചുള്ള വോട്ടർമാരുടെ രോഷ പ്രകടനങ്ങൾക്ക് മുന്നിൽ ശിവരാജ് സിങ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം ഒന്നുമല്ല. ശിവരാജ് സിങ് ചൗഹാന് പകരം മുഖ്യമന്ത്രി ആയേക്കുമെന്ന ബി.ജെ.പി പ്രചാരണം കൊണ്ടൊന്നും ഈ രോഷം ശമിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
2013 വരെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ദിംനി. 2013ൽ മണ്ഡലത്തിൽനിന്ന് ജയിച്ച ബി.എസ്.പിയുടെ ബൽവീർ ദണ്ഡോതിയ മണ്ഡലത്തിലെ മൂന്ന് തോമറുമാരോട് ഏറ്റുമുട്ടുന്ന ഏക ബ്രാഹ്മണ സ്ഥാനാർഥി കൂടിയായതാണ് നരേന്ദ്ര സിങ് തോമറിന് മത്സരം കടുപ്പമേറിയതാക്കിയത്.
ബൽവീറാണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന് കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ പറയുന്നതിൽനിന്ന് മണ്ഡലത്തിലെ വാശിയേറിയ മത്സരത്തിന്റെ ചിത്രം വ്യക്തം. ജാതി സമവാക്യവും തോമർ വിരുദ്ധ വികാരവും നോക്കിയാൽ തങ്ങൾ ഇതിനകം ജയിച്ചുകഴിഞ്ഞുവെന്ന് പറയുന്ന ബി.എസ്.പി തങ്ങളുടെ മുഖ്യ എതിരാളി തോമർ സമുദായക്കാരനായ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ രവീന്ദ്ര ബഡോസയാണെന്നും പറയുന്നു.
കേന്ദ്രമന്ത്രി തോമർ മൂന്നാം സ്ഥാനത്താകുമെന്നാണ് ബി.എസ്.പി ദിംനി മണ്ഡലം പ്രചാരണ കമ്മിറ്റി ഓഫിസിലെ ആളും ആരവവും ബ്രാഹ്മണരുടെ സാന്നിധ്യവും കാണിച്ചുതന്ന് ബി.എസ്.പി സ്ഥാനാർഥിയുടെ സഹോദരൻ രാധേ ശ്യാം ദണ്ഡോതിയ പ്രവചിക്കുന്നത്.
തങ്ങൾക്ക് ബി.ജെ.പിയോട് ഒരെതിർപ്പുമില്ല, വിരോധമത്രയും തോമറിനോടാണെന്ന് രാധേ ശ്യാം ദണ്ഡോതിയ പറയുന്നത് ചുറ്റിലുമിരിക്കുന്ന ബി.ജെ.പി ബ്രാഹ്മണരെ പ്രീണിപ്പിക്കാൻ കൂടിയാണ്. അത് കേട്ട് ഇക്കുറി സ്ഥാനാർഥിയെ നോക്കിയാണ് തങ്ങൾ വോട്ടുചെയ്യുകയെന്നും പാർട്ടി നോക്കിയല്ലെന്നും ബി.എസ്.പി ഓഫിസിലിരിക്കുന്ന ഈ ബ്രാഹ്മണ വോട്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
അവരിലെ ജാതി വികാരം ഒന്നുകൂടി ഉണർത്തി തോമറിന്റെ ലോക്സഭ മണ്ഡലത്തിലെ ആറ് നിയമസഭ മണ്ഡലങ്ങളിലൊന്നിൽ പോലും ഒരു ബ്രാഹ്മണൻ എം.എൽ.എ ആയി ഇല്ലാത്തതെന്തുകൊണ്ടാണെന്ന് ദണ്ഡോതിയ ചോദിക്കുന്നു.
ജനങ്ങൾ തോമറിന് വോട്ട് ചെയ്യില്ല. തോമറിന്റെ അഴിമതിയും ജാതീയതയുമാണ് മണ്ഡലത്തിലെ ചർച്ച. ജാടവുകളും ഗുജ്ജറുകളും പൊറുതി മുട്ടിയിരിക്കുന്നു. തോമറിനെതിരായ വികാരത്തിന് പുറമെയാണ് പ്രതികൂലമായ ഈ ജാതി സമവാക്യമെന്ന് അനിയൻ ദണ്ഡോതിയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.