ന്യൂഡൽഹി: ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരായ അപ്പീൽ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി.
ഈ മാസം 28ന് പരീക്ഷയാണെന്നും ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളുകളിൽ വിലക്കുന്നതിനാൽ ഒരു വർഷം നഷ്ടപ്പെടുമെന്നും അഭിഭാഷകൻ ബോധിപ്പിച്ചിട്ടും നിലപാട് മാറ്റാൻ ചീഫ് ജസ്റ്റിസ് തയാറായില്ല. ഹിജാബ് വിഷയത്തിൽ പരീക്ഷക്ക് ഒന്നും ചെയ്യാനില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഹോളി അവധിക്കുശേഷം അപ്പീൽ പരിഗണിക്കാമെന്ന് മാർച്ച് 16ന് ചീഫ് ജസ്റ്റിസ് പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് അടിയന്തരമായി പരിഗണിക്കാനായി പരാമർശിച്ചത്. അവർ ഇത് നിരന്തരം ഉന്നയിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് താങ്കൾക്കൊന്ന് കാത്തിരിക്കാൻ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വിഷയത്തെ വൈകാരികമാക്കരുതെന്നും മേത്തയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹിജാബ് വിലക്ക് നേരിട്ട കർണാടക ഉഡുപ്പി കുന്ദാപുര ഗവൺമെന്റ് പി.യു കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി അയ്ഷ ശിഫാത് അടക്കം സമർപ്പിച്ച ഹരജികളാണ് പരിഗണിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.