മുംബൈ: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്താത്തതിനാൽ ഉപവാസസമരം അവസാനിപ്പിക്കാതെ മറാത്ത സംവരണപ്രക്ഷോഭ നേതാവ് മനോജ് ജരാൻഗെ പാട്ടീൽ. ഉപാധികളോടെ ഉപവാസ സമരം അവസാനിപ്പിക്കാൻ തയാറാണെന്ന് ചൊവ്വാഴ്ച സർക്കാറിനെ അറിയിച്ചിരുന്നു. 30 ദിവസത്തിനകം മറാത്തകളെ ഒ.ബി.സി കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി സാക്ഷ്യപത്രം നൽകണം, സമരക്കാർക്കുനേരെ ലാത്തിച്ചാർജിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം, സമരക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മറാത്ത ചക്രവർത്തി ശിവജിയുടെ പിൻഗാമി ഉദയൻ രാജെ ഭോസ്ലെയും നേരിട്ടെത്തണം, സർക്കാർ രേഖാമൂലം ഉറപ്പുനൽകണം എന്നിവയാണ് ഉപാധികൾ. എന്നാൽ, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ചെന്നില്ല.
പകരം മന്ത്രിസഭ പ്രതിനിധികളെ വിടാമെന്നാണ് അറിയിച്ചത്. മറാത്ത പ്രക്ഷോഭകർക്കെതിരെയുള്ള അഞ്ച് കേസുകൾ പിൻവലിക്കാമെന്ന് കഴിഞ്ഞ ദിവസം സർക്കാർ വാക്കാൽ ഉറപ്പുനൽകിയിരുന്നു. സമരക്കാർക്ക് എതിരെ ലാത്തിച്ചാർജ് നടത്തിയതിന് ജൽന പൊലീസ് സൂപ്രണ്ടിനെ നിർബന്ധ അവധിയിൽ വിടുകയും എ.എസ്.പി, ഡി.എസ്.പി, അസിസ്റ്റന്റ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംവരണം നടപ്പാക്കാൻ ഒക്ടോബർ 11 വരെയാണ് ജരാൻഗെ പാട്ടീൽ സർക്കാറിന് സമയം നൽകിയത്.
ഇതിനിടയിൽ, മറാത്ത സംവരണ ചർച്ചക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസും പരസ്പരം നടത്തിയ സംസാരത്തിന്റെ വിഡിയോ ചോർന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കി. പെട്ടെന്നു പറഞ്ഞ് സ്ഥലംവിടാമല്ലേ എന്ന് ഷിൻഡെ ചോദിക്കുകയും അതെ എന്ന് അജിത് പറയുന്നതും മൈക്ക് ഓണാണെന്ന് ഫഡ്നാവിസ് ഓർമപ്പെടുത്തുന്നതുമാണ് വിഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.