ഭരണഘടനവിരുദ്ധമായ ഈ നിയമനിർമാണത്തിനെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടക്കുന്നതിനിടയിലാണ് പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട്, ചട്ടമുണ്ടാക്കാൻ ഉന്നതതല ചർച്ച പുരോഗമിക്കുന്നത്
ന്യൂഡൽഹി: ചട്ടങ്ങളുണ്ടാക്കാതെ ഫയലിൽ കിടന്ന വിവാദ പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ വീണ്ടും പൊടിതട്ടിയെടുക്കുന്നു. ഭരണഘടനവിരുദ്ധമായ ഈ നിയമനിർമാണത്തിനെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടക്കുന്നതിനിടയിൽ 2024ലെ പൊതുതെരഞ്ഞെടുപ്പ് കണ്ട്, വിവാദ നിയമത്തിന്റെ ചട്ടമുണ്ടാക്കാൻ ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണ്.
2019ലെ പൗരത്വ ഭേദഗതി നിയമപ്രകാരം മുസ്ലിംകളല്ലാത്ത അയൽ രാജ്യക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് പോർട്ടൽ ഒരുക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ്, ഛത്തിസ്ഗഢ്, ബിഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങളുടെ പ്രതിഷേധങ്ങൾക്കും നിയമസഭകളുടെ പ്രമേയങ്ങൾക്കും വഴിവെച്ച വിവാദ നിയമം പാർലമെന്റിൽ പാസാക്കി നാലു വർഷം കഴിഞ്ഞിട്ടും ചട്ടങ്ങൾ ഉണ്ടാക്കാത്തതുകൊണ്ടാണ് നടപ്പാക്കാനാകാത്തത്.
എന്നാൽ, തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനിൽക്കേ ചട്ടങ്ങളുണ്ടാക്കാൻ തിരക്കിട്ട നീക്കത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ. ചട്ടം സംബന്ധിച്ച് നിരവധി ചർച്ചകളും അവതരണങ്ങളും ഉന്നതതലത്തിൽ നടന്നുവെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കൊണ്ടുവരാനിരിക്കുന്ന ചട്ടപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ തയാറാക്കുന്നത്.
സംസ്ഥാന സർക്കാറുകളുടെ ഇടപെടലുകളില്ലാതെ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ചട്ടവും പോർട്ടലുമുണ്ടാക്കുന്നത്. 2014 ഡിസംബർ 31നുമുമ്പ് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിൽനിന്നും വന്ന മുസ്ലിംകളല്ലാത്ത ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഇവർക്ക് ദീർഘകാല വിസ അനുവദിച്ചുകൊണ്ടിരിക്കുകയാണ് നിലവിൽ കേന്ദ്രം ചെയ്യുന്നത്. അഭയാർഥികളായി അയൽ രാജ്യങ്ങളിൽനിന്ന് വന്നവർക്ക് വിസ കാലാവധി ദീർഘിപ്പിച്ചു നൽകുന്ന പ്രക്രിയയിൽ നിലവിലുള്ള അഴിമതി ഇല്ലാതാക്കാൻകൂടിയാണ് ചട്ടമുണ്ടാക്കി പൗരത്വം നൽകാനുള്ള നീക്കം ത്വരിതപ്പെടുത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇന്ത്യൻ പൗരന്മാരുടെ ഒരു അവകാശവും എടുത്തുകളയാത്ത പൗരത്വ നിയമം പൗരന്മാരുടെ അവകാശങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കുന്നില്ലെന്ന് ഉദ്യോഗസ്ഥൻ വാദിക്കുന്നു. ഒരു വിദേശിക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ നിലവിലുള്ളത് 1955ലെ പൗരത്വ നിയമമാണെന്നും 2019ലെ പൗരത്വ ഭേദഗതി നിയമം വന്നതുകൊണ്ട് പഴയ നിയമപ്രകാരം ഏതൊരു വിദേശിക്കും പൗരത്വത്തിന് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.