ന്യൂഡൽഹി: 'ലക്ഷദ്വീപ് വികസന അതോറിറ്റി നിയന്ത്രണങ്ങൾ 2021' എന്ന പേരിൽ ദ്വീപിലെ ഏത് സ്ഥലവും എപ്പോഴും പിടിെച്ചടുക്കാനും തദ്ദേശവാസികളെ കുടിയൊഴിപ്പിക്കാനും അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന കരടിൽ ആക്ഷേപങ്ങൾ അറിയിച്ച ശേഷവും ദ്വീപ് വാസികളുടെ ആശങ്ക ബാക്കി. പട്ടികവർഗ വിഭാഗങ്ങളെന്ന നിലയിലുള്ള പരിരക്ഷ മാനിക്കാതെ സ്വന്തം ഭൂമിയിലുള്ള എല്ലാ അവകാശങ്ങളും എടുത്തുകളയുന്ന വിവാദ കരട് തങ്ങളുടെ ആവലാതികളും ആക്ഷേപങ്ങളും പരിഗണിക്കാതെതന്നെ നിയമമാക്കുമോ എന്ന ആശങ്കയിലാണ് ദ്വീപ് വാസികൾ.
മേയ് 21 ആയിരുന്നു ആക്ഷേപങ്ങൾ അറിയിക്കാനുള്ള അവസാന തീയതി. ടൗട്ടെമൂലം കാലാവസ്ഥ പ്രതികൂലമായത് ഇൻറർനെറ്റിനെ ബാധിച്ചതിനാൽ 3000ത്തോളം പേരാണ് അവസാന തീയതിവരെ ആക്ഷേപങ്ങളും പരാതികളുമറിയിച്ചത്. എന്നാൽ, ലക്ഷദ്വീപിലെ ഏതു സ്ഥലവും ഏറ്റെടുക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന കരടിന്മേൽ തങ്ങൾ സമർപ്പിച്ച പരാതികളും ആക്ഷേപങ്ങളും മുഖവിലക്കെടുക്കുമെന്ന പ്രതീക്ഷ ദ്വീപുവാസികൾക്കില്ല.
ദ്വീപുവാസികളെ അവരുടെ ജന്മനാട്ടിൽനിന്ന് ഒഴിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന കരടിലെ 2(29) വകുപ്പ് പ്രകാരം ഏതെങ്കിലും ഒരു സ്ഥലം മോശമായ പ്ലാനോ കാലഹരണപ്പെട്ട വികസനമോ ഉള്ള പ്രദേശമായോ ചേരിപ്രദേശമായോ കണ്ടാൽ അവിടെയുള്ള ജനങ്ങളെ കുടിയൊഴിപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റി വികസനം നടപ്പാക്കാൻ കഴിയും. പഞ്ചായത്തുകളുടെ അധികാരം ആദ്യം വെട്ടിക്കുറച്ചശേഷം ഇറക്കിയ കരടിൽ ചീഫ് ടൗൺ പ്ലാനറെ നിയമിക്കുന്നത് അടക്കം വികസന പദ്ധതികൾ നടപ്പാക്കുന്നതിെൻറ സമ്പൂർണ അധികാരം അഡ്മിനിസ്ട്രേറ്റർക്കായിരിക്കും.
ലക്ഷദ്വീപിൽ 36 ദ്വീപുകളിൽ ജനവാസമുള്ളത് ആകെ പത്ത് ദ്വീപുകളിലാണ്. ജനവാസമുള്ള 10 ദ്വീപുകളുടെ ആകെ വിസ്തൃതി 32 ചതുരശ്ര കിലോമീറ്ററാണ്. ഇതിെൻറ മൂന്നിലൊന്നും സർക്കാർ ഭൂമിയാണ്. അത് കഴിച്ചുള്ള ഭൂമിയിലേ സ്വകാര്യ അവകാശമുള്ളു.
2.5 ചതുരശ്ര കിലോമീറ്റർ മുതൽ 4.66 ചതുരശ്ര കിലോമീറ്റർവരെ മാത്രമാണ് ഇവയിൽ ഓരോ ദ്വീപിലെയും വിസ്തൃതി. നാലു ഭാഗവും കടലുള്ള ഓരോ ദ്വീപിലും തീരദേശ നിയന്ത്രണ നിയമ പ്രകാരം 20 മീറ്റർ പരിധി ഒഴിച്ചിട്ടു മാത്രമേ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പറ്റു.
വികസനത്തിനായുള്ള സർവേ ഒരു പ്രാവശ്യം കൊണ്ട് അവസാനിക്കില്ലെന്നും ഓരോ പത്തു വർഷം കൂടുേമ്പാഴും പുതിയ സർവേകൾ നടത്തണമെന്നും അതിനനുസരിച്ച് പ്രദേശത്ത് ആവശ്യമായ മാറ്റം വരുത്തണമെന്നുമാണ് വിവാദ കരടിലെ 27ാം വകുപ്പ് പറയുന്നത്. ഒരു വികസനപദ്ധതിക്കായി ഒരു ഭൂമി അടയാളപ്പെടുത്തപ്പെട്ടാൽ അത് ഏതു തരത്തിലുള്ളതാണെങ്കിലും പൊതുആവശ്യത്തിനുള്ളതായി കണക്കാക്കി പിടിച്ചെടുക്കാനുള്ളതാണ് 29ാം വകുപ്പ്. നിലവിൽ ശരിയായ പ്ലാനുള്ള പ്രദേശത്തെ ഭൂമിയുള്ളവർക്കുപോലും ഭാവിയിൽ ഒരു തരത്തിലുള്ള സുരക്ഷിതത്വവുമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണിത്. ബിത്രപോലുള്ള 0.105 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൊച്ചുദ്വീപിൽ 200 പേർ ജീവിക്കുന്നുണ്ട്. നിലവിലുള്ള ജനസംഖ്യ കണക്കിലെടുത്താൽ ആറായിരം പേർക്ക് ശരാശരി രണ്ട് കിലോമീറ്റർ ഭൂപ്രദേശം മാത്രമാണുണ്ടാകുക.
വികസന പട്ടികയിൽ കെട്ടിട നിർമാണങ്ങൾക്കൊപ്പം ഹൈവേകളും െറയിൽപാതകളുമുണ്ട്. മാത്രമല്ല, ഖനനവും ക്വാറികളും കുന്നിടിക്കലുമെല്ലാം ഇതിൽപ്പെടും. ദ്വീപ് തന്നെ ഇല്ലാതായേക്കാവുന്ന നീക്കമാണിത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള വിവാദ കരട് പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞാണ് ജനങ്ങൾ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.