ന്യൂഡൽഹി: ശനിയാഴ്ച പുറത്തുവരുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പുഫലം പല കാരണങ്ങളാൽ ദേശീയ രാഷ്ട്രീയത്തിൽ നിർണായകം. അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിൽ പുതിയ കേന്ദ്ര സർക്കാറിനെ പ്രതിഷ്ഠിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വിവിധ പ്രാദേശിക പാർട്ടികൾ മനോഗതി രൂപപ്പെടുത്തുന്നതിൽ കർണാടക ഫലം ഏറെ സ്വാധീനം ചെലുത്തും.
അതുകൊണ്ടുതന്നെ, ബി.ജെ.പിയും കോൺഗ്രസും ഏറെ ആകാംക്ഷയോടെയാണ് ഫലത്തിലേക്ക് ഉറ്റുനോക്കുന്നത്. സർവേ ഫലങ്ങളിൽ കോൺഗ്രസിനാണ് മേൽക്കൈ. ബി.ജെ.പിയെ താഴെയിറക്കി കോൺഗ്രസ് സർക്കാറുണ്ടാക്കിയാൽ പ്രതിപക്ഷചേരിക്ക് ഒന്നാകെ അത് ആവേശം നൽകും.
ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഭരിക്കുന്ന വെവ്വേറെ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഗതിവേഗമുണ്ടാകും.
മോദി സർക്കാറിന്റെ ഭരണകാലത്ത് ഭരണം രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നീ രണ്ടു സംസ്ഥാനങ്ങളിലേക്ക് ഒരു ഘട്ടത്തിൽ ചുരുങ്ങിപ്പോയ അവസ്ഥയിൽനിന്നൊരു വീണ്ടെടുപ്പിന്റെ ആത്മവിശ്വാസം കോൺഗ്രസിന് ലഭിക്കും. നേർക്കുനേർ മത്സരം നടന്ന ഹിമാചൽപ്രദേശിനു പുറമെ കർണാടകയുംകൂടി കിട്ടിയാൽ ഭരിക്കുന്ന സംസ്ഥാനങ്ങൾ നാലായി വർധിക്കും.
പ്രതിപക്ഷ ഐക്യനീക്കങ്ങളിൽ കോൺഗ്രസിന്റെ വാക്കുകൾക്ക് മൂല്യം നിശ്ചയിക്കുന്ന ഫലംകൂടിയാവും കർണാടക. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സംസ്ഥാനത്തെ പോരാട്ടത്തിൽ കഴിയാവുന്നത്ര ഊർജം പാർട്ടി ചെലവഴിച്ചു. അത് വിജയത്തിലേക്കു നയിക്കുന്നുവെങ്കിൽ, ഭാവി തെരഞ്ഞെടുപ്പുകളിലെ ഏകോപനത്തിനുകൂടി വഴിതുറക്കും.
അഴിമതി ആരോപണങ്ങളും പാർട്ടിയിലെ അനൈക്യവും മറികടക്കാൻ കഴിഞ്ഞാൽ, കർണാടക ബി.ജെ.പിക്ക് തെക്കേ ഇന്ത്യയിലെ പുതിയ കരുനീക്കങ്ങളുടെ തുരുത്തായി മാറും. തെക്കേ ഇന്ത്യൻ സ്വാധീനം വിപുലപ്പെടുത്താൻ കർണാടകയിലോ തമിഴ്നാട്ടിലോ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലായിരുന്നു, അദ്ദേഹം നയിച്ച കർണാടക തെരഞ്ഞെടുപ്പ്.
തോൽവി മണത്ത ബി.ജെ.പി വിഭാഗീയതയുടെ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു. അതിന്റെ ഉരകല്ലുകൂടിയാണ് കർണാടക. ദേശീയതലത്തിൽ കൂടുതൽ സഖ്യകക്ഷികൾക്കായി വലവീശാനുള്ള ശ്രമങ്ങൾക്ക് ഉത്തേജക ഔഷധമാക്കി കർണാടകയിലെ വിജയം ബി.ജെ.പി മാറ്റും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ജനതാദൾ-യു, ശിവസേന, ശിരോമണി അകാലിദൾ എന്നിങ്ങനെ ബി.ജെ.പി ബന്ധം മുറിച്ച കക്ഷികൾ പലതാണ്. ജനതാദൾ-എസിന് കിങ്മേക്കർ റോൾ കിട്ടിയാൽ സാഹചര്യങ്ങൾ മാറിമറിയുന്ന സ്ഥിതി കർണാടകക്ക് ഉണ്ടാകാമെന്നതുപോലെ, പ്രാദേശിക കക്ഷി നിലപാടുകളെയും അതു സ്വാധീനിക്കും.
കോൺഗ്രസിനൊപ്പം ജെ.ഡി.എസ് ചേരുന്നത് സ്വാഭാവികമായും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തും. ജെ.ഡി.എസിന്റെ മറിച്ചുള്ള നീക്കങ്ങൾ ബി.ജെ.പിയോട് മമത പുലർത്തുന്ന നവീൻ പട്നായക്, ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവർക്ക് അതേ നയം തുടരാനൊരു പുതിയ കാരണമാകും.
നവംബറിൽ നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാൻ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കുള്ള മനോബലത്തെയും കർണാടക ഫലം സ്വാധീനിക്കും. ഇതിൽ മധ്യപ്രദേശിൽ മാത്രമാണ് ബി.ജെ.പി ഭരണം. അതേസമയം, തെലങ്കാനയിൽ ഒഴികെ ഭരണകക്ഷിയെ ഇഞ്ചോടിഞ്ച് നേരിടാൻ കെൽപുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.