മുംബൈ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആഗസ്റ്റിൽ ഒരുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.3 ശതമാനത്തിലെത്തിയതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ) കണക്കുകൾ. 39.46 കോടിയാണ് രാജ്യത്തെ തൊഴിലുള്ളവരുടെ എണ്ണം. ജൂലൈയിൽ, തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനവും തൊഴിൽനിരക്ക് 39.70 കോടിയുമായിരുന്നു.
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് സാധാരണ എട്ടു ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനവുമാണ്. എന്നാൽ, ആഗസ്റ്റിൽ നഗര തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനമായി കുത്തനെ ഉയർന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനവുമായതായി സി.എം.ഐ.ഇ മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് പി.ടി.ഐയോട് പറഞ്ഞു.
ക്രമരഹിതമായ മഴ കാർഷിക ജോലികളെ ബാധിച്ചതാണ് ഗ്രാമീണ തൊഴിലില്ലായ്മ കൂടാൻ കാരണമായ ഒരു ഘടകം. ഇതോടെ തൊഴിൽ നിരക്ക് 37.6 ശതമാനത്തിൽനിന്ന് 37.3 ശതമാനമായി കുറഞ്ഞു. മഴ വൈകിയെത്തുന്നതോടെ കാർഷിക പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നതിനാൽ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് കുറയാനിടയുണ്ട്. എന്നാൽ, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് വരും മാസങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല.
ആഗസ്റ്റിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഹരിയാനയിലാണ്- 37.3 ശതമാനം. ഇത് ജമ്മു-കശ്മീരിൽ 32.8 ശതമാനവും രാജസ്ഥാനിൽ 31.4 ശതമാനവും ഝാർഖണ്ഡിൽ 17.3 ശതമാനവും ത്രിപുരയിൽ 16.3 ശതമാനവുമായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും കുറവ് ഛത്തീസ്ഗഢ് (0.4 ശതമാനം), മേഘാലയ (രണ്ടു ശതമാനം), മഹാരാഷ്ട്ര (2.2 ശതമാനം) എന്നിവിടങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.