'എല്ലാ മുസ്‌ലിംകളും ഭാരത് മാതാ കീ ജയ് പറയുന്ന ദിവസം...'; വിദ്വേഷ ട്വീറ്റുമായി വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രി ആയതോടെ ആരംഭിച്ച ചർച്ചയിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ ട്വീറ്റുമായി സംഘ്പരിവാർ അനുകൂല വിവാദ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇന്ത്യക്ക് ഒരു മുസ്‌ലിം പ്രധാനമന്ത്രിയെ അംഗീകരിക്കാൻ നമ്മൾ എപ്പോഴാണ് തയാറാവുക എന്ന മാധ്യമപ്രവർത്തകയുടെ ട്വീറ്റിന് മറുപടിയായാണ് അഗ്നിഹോത്രിയുടെ വിദ്വേഷ ട്വീറ്റ്.

മാധ്യമ പ്രവർത്തക അർഫ ഖാനും ഷെർവാനിയാണ് മുസ്‌ലിം പ്രധാനമന്ത്രിയെ അംഗീകരിക്കാനോ തെരഞ്ഞെടുക്കാനോ നമ്മൾ എപ്പോഴാണ് തയാറാവുകയെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായി 'എല്ലാ മുസ്‌ലിംകളും ഭാരത് മാതാ കീ ജയ് പറയുന്ന ദിവസം' എന്ന് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.

'ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളും കാഫിർ എന്ന വാക്ക് നിരോധിക്കുന്ന ദിവസം, ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയന്ത്രണമില്ലാതെ സംസാരിക്കുന്ന ദിവസം, കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി പരിഗണിക്കുന്ന ദിവസം, ഭാരതീയം എന്നത് മറ്റെന്തിനെക്കാളും മുകളിലായി കാണുന്ന ദിവസം, ഭാരത് മാതാ കീ ജയ് എന്നും വന്ദേമാതരം എന്നും ആവേശത്തോടെ പറയുന്ന ദിവസം. അതിന് തയാറാണോ?' - വിവാദ സിനിമയായ കശ്മീർ ഫയൽസിന്‍റെ സംവിധായകൻ കൂടിയായ അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാകുമോ എന്ന ചോദ്യം കോൺഗ്രസ് നേതാക്കളായ ശശി തരൂർ, പി. ചിദംബരം തുടങ്ങിയവർ ഉയർത്തിയതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ഇതിന് പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയിൽ ഒരു സിഖ് പ്രധാനമന്ത്രിയും മൂന്ന് മുസ്‌ലിം പ്രസിഡന്റുമാരും ഉണ്ടായിട്ടുണ്ട് - മൻമോഹൻ സിങ്ങിനെ ഉദാഹരണം വെച്ച് ബി.ജെ.പി പറഞ്ഞു. ഇന്ത്യൻ വംശജരോടൊപ്പം യു.കെയിൽ ജനിച്ച ഋഷി സുനക്കും രാജീവുമായുള്ള വിവാഹത്തിന് ശേഷം പതിറ്റാണ്ടുകളോളം ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ വിസമ്മതിച്ച സോണിയ ഗാന്ധിയും തമ്മിൽ സമാനതകളില്ലെന്നാണ് ബി.ജെ.പി വാദം.

ഒരു ന്യൂനപക്ഷ അംഗത്തെ പ്രധാനമന്ത്രിയായി യു.കെ അംഗീകരിച്ചപ്പോൾ ഇന്ത്യ എൻ.ആർ.സിയുടെയും സി.എ.എയുടെയും ചങ്ങലയിലാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിൽ ഒരു ന്യൂനപക്ഷ മുഖ്യമന്ത്രിയെ താങ്കൾ അംഗീകരിക്കുമോ എന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് തിരിച്ചു ചോദിച്ചു.

ഋഷി സുനക് യു.കെ പ്രധാനമന്ത്രിയായതിനെ കുറിച്ച് പ്രതികരിച്ച എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി തന്റെ ജീവിതകാലത്ത് ഹിജാബ് ധരിച്ച ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ കാണണമെന്ന ആഗ്രഹം വീണ്ടും ആവർത്തിച്ചു.

Tags:    
News Summary - 'The day all Muslims say Bharat Mata ki Jai': Vivek Agnihotri on Rishi Sunak debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.