ന്യൂഡൽഹി: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം രാജ്യത്ത് പട്ടിണി വർധിച്ചുവെന്ന യാഥാർഥ്യമാണ് 2021ലെ ആഗോള പട്ടിണി സൂചികയിലൂടെ പുറത്തുവന്നതെന്ന് പ്രമുഖ എൻ.ജി.ഒ ആയ ഒാക്സ്ഫാം ഇന്ത്യയുടെ വിലയിരുത്തൽ. പട്ടിണി സൂചികയിൽ 94 ആയിരുന്ന ഇന്ത്യയുടെ സ്ഥാനം 101ലേക്ക് താഴ്ന്നത് ദൗർഭാഗ്യകരമാണ്.
116 രാജ്യങ്ങളുെട പട്ടികയിൽ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കും പിറകിലാണ് ഇന്ത്യ. രാജ്യത്ത് പോഷകാഹാര ക്കുറവ് പുതിയ പ്രവണതയല്ലെന്നും ദേശീയ കുടുംബാരോഗ്യ (എൻ.എച്ച്.എഫ്.എസ്) സർവേയുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണിതെന്നും ഓക്സ്ഫാം വ്യക്തമാക്കി.
കുട്ടികളുടെ പോഷകാഹാര രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങൾ നിലനിർത്തുന്നതിൽ 2015നും 19നും ഇടയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരാജയപ്പെട്ടുവെന്നാണ് എൻ.എച്ച്.എഫ്.എസ് സർവേ ഫലം സൂചിപ്പിക്കുന്നത്. 2015നും 2019നും ഇടയിൽ ജനിച്ച കുട്ടികൾക്ക് മുൻ തലമുറയേക്കാൾ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ അമിതാബ് ബെഹറും കൂട്ടിച്ചേർത്തു. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'പോഷൺ' പദ്ധതിക്ക് അവസാന ബജറ്റിൽ 0.57 ശതമാനം തുക മാത്രമാണ് നീക്കിവെച്ചത്.
2020-21ലെ ബജറ്റ് വിഹിതത്തേക്കാൾ 18.5 ശതമാനത്തിെൻറ കുറവാണുണ്ടായത്. ഫണ്ടിെൻറ അഭാവം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിൽ വിപരീത ഫലമാണുണ്ടാക്കുക. രാജ്യത്തെ കൗമാരക്കാരായ കുട്ടികളിൽ കാൽഭാഗവും പോഷകാഹാരം ലഭിക്കുന്ന കാര്യത്തിൽ ആഗോള നിലവാരത്തിനും താഴെയാണ്. രാജ്യത്ത് പകുതിയിലധികം സ്ത്രീകളും രക്തക്കുറവ് അനുഭവിക്കുന്നവരാണെന്നും ഒാക്സ്ഫാം പറയുന്നു.
കൗമാരക്കാരും മധ്യവയസ്കരുമായ പുരുഷന്മാരിൽ കാൽഭാഗത്തിനും കാത്സ്യത്തിെൻറയും ഇരുമ്പിെൻറയും അഭാവം പ്രകടമാണെന്ന് എൻ.എച്ച്.എഫ് സർവേക്ക് നേതൃത്വം നൽകിയ വർണ ശ്രീ രാമനും പറഞ്ഞു. അതേസമയം, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്കായത് ഞെട്ടിക്കുന്നതാണെന്നായിരുന്നു വനിത ശിശുക്ഷേമ മന്ത്രാലയത്തിെൻറ പ്രതികരണം.
പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതത്തിൽ എഫ്.എ.ഒ തയാറാക്കിയ കണക്കനുസരിച്ചാണ് ഇന്ത്യയുടെ റാങ്ക് കുറച്ചത്. അടിസ്ഥാനപരമായ യാഥാർഥ്യത്തേയും വസ്തുതകളേയും അവഗണിച്ച റിപ്പോർട്ടിൽ രീതിശാസ്ത്രപരമായ ഗുരുതര പ്രശ്നങ്ങൾ ഉണ്ടെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.