'ഇത് നമ്മുടെ ഹിന്ദുസ്ഥാൻ; നാം ഒരുമിച്ച് നിൽക്കും' -കഫീൽഖാ​െൻറ 'വിവാദ' പ്രസംഗത്തി​െൻറ പൂർണ രൂപം

കഴിഞ്ഞ ഡിസംബർ 12ന്​ അലീഗഡ്​​ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തി​െൻറ പേരിലാണ്​ ഡോ. കഫീൽ ഖാനെ യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്യുന്നത്​. പ്രസംഗത്തിൽ രാജ്യദ്രോഹവും വിദ്വേഷവും കലാപാഹ്വാനവും ആരോപിച്ചായിരുന്നു ​ അറസ്​റ്റ്​​.

എന്നാൽ, പ്രസ്​തുത പ്രസംഗം ഐക്യത്തിനും ദേശീയോദ്​ഗ്രഥനത്തിനും ആഹ്വാനം ചെയ്യുന്നതാണെന്ന് അലഹബാദ്​ ഹൈകോടതി വിധിയെഴുതി. ​ഇതി​െൻറ 
പേരിൽ ഏഴുമാസം തടവറയിൽ കഴിഞ്ഞ കഫീൽ ഖാനെ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു.​ അദ്ദേഹത്തിനെതിരെ ദേശസുരക്ഷ നിയമം (എൻ.എസ്​.എ) ചുമത്തിയതും കോടതി റദ്ദാക്കി.



അലീഗഡ്​​ സർവകലാശാലയിൽ കഫീൽ ഖാൻ നടത്തിയ പ്രസംഗത്തി​െൻറ പൂർണ രൂപം:

എല്ലാവർക്കും നല്ല സായാഹ്നം ആശംസിക്കുന്നു. അല്ലാമ ഇക്ബാൽ സാഹിബി​െൻറ പ്രസിദ്ധമായ കവിതാസമാഹാരത്തിലെ ചില വരികൾ ഉദ്ധരിച്ച് നമുക്ക് ആരംഭിക്കാം. "കുച്ച് ബാത്ത് ഹേ കി ഹസ്തി മിറ്റ്-ടി നഹി ഹമാരി സാദിയോ രഹാ ഹേ ദുഷ്മൻ ദൗറേ സമാനാ ഹമാര" (ലോകം മുഴുവൻ നമുക്കെതിരാണെങ്കിലും നമ്മൾ ഇപ്പോഴും നിലനിൽക്കുന്നതിന് ചില പ്രത്യേകതകൾ നമുക്ക് ഉണ്ടായിരിക്കണം).

ഇവിടത്തേക്കുള്ള ഗേറ്റിൽ പ്രവേശിക്കുന്നതിനു മുമ്പ് എനിക്ക് സിറ്റി പോലീസ് സർക്കിൾ ഓഫീസറുടെ ഒരു കോൾ വന്നു. ഈ സമര വേദിയിലേക്ക് പോകരുത്, പോയാൽ നിങ്ങൾ ജയിലിലാകും. എ​െൻറ വരവ് സംബന്ധിച്ച് യോഗിജിയിൽ (യോഗി ആദിത്യ നാഥ് ) നിന്ന് നിങ്ങൾക്ക് വിവരം ലഭിച്ചോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

നമ്മൾ ഹിന്ദുക്കളോ മുസ്‌ലിംകളോ അല്ല, മറിച്ച് മനുഷ്യരാണ് ആവേണ്ടത് എന്നാണ് നമ്മുടെ കുട്ടിക്കാലം മുതൽ നമ്മളെല്ലാവരും പഠിപ്പിക്കപ്പെടുന്നത്. എന്നാൽ, നമ്മുടെ മോട്ടാ ഭായി (അമിത് ഷാ )നമ്മെ പഠിപ്പിക്കുന്നത് നമ്മൾ മനുഷ്യരല്ല ആവേണ്ടത് മറിച്ച് ഹിന്ദുക്കളും മുസ്‌ലിംകളും ആകണമെന്നാണ്. എന്തുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്.

കൊലപാതകി, അയാളുടെ വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ടിരിക്കുന്നു എന്ന് എങ്ങനെ അറിയാനാണ്? ആ കറ എങ്ങനെ അയാൾക്ക് മായ്ക്കാൻ കഴിയും?

1928 ൽ ആർ‌.എസ്‌.എസ് നിലവിൽ വന്നപ്പോൾ മുതൽ അവർ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. അവർ നമ്മുടെ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. നമ്മുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ജി കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ബഹുസ്വരത, സാമുദായിക ഐക്യം, മാനവികത, സമത്വം എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്നും പലരും ആവർത്തിച്ചു പറഞ്ഞതാണ്. നമ്മൾ ആരോടാണ് സംസാരിക്കുന്നതെന്ന് മനസിലാക്കണം. ബാബാ സാഹിബി​െൻറ(അംബേദ്കർ ) ഭരണഘടനയെ ഒരിക്കലും വിശ്വസിക്കാത്തവരും ഒരിക്കലും വായിക്കാത്തവരുമായ ആളുകളോടാണ് നമ്മൾ സംസാരിക്കുന്നത്.ഏതാണ്ട് 90 വർഷം മുമ്പ് അവരുടെ സംഘടന നിലവിൽ വന്ന കാലം മുതൽ ഈ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

നിങ്ങൾ എല്ലാവരും വളരെ ചെറുപ്പമാണ്. അതുകൊണ്ട് അവരുടെ ലക്ഷ്യത്തിനെതിരെ നിങ്ങൾ ശബ്ദം ഉയർത്തണമെന്നും പൊരുതണമെന്നും ഞാൻ ആവശ്യപ്പെടുകയാണ്.

എനിക്ക് അലീഗഡ്​ എന്നും പ്രിയപ്പെട്ടതാണ്. ഞാൻ ജയിലിൽ അടക്കപെട്ടപ്പോൾ എനിക്ക് വേണ്ടി ഇവിടെ വലിയ പ്രതിഷേധ മാർച്ച്‌ നടന്നു. ജയിൽ മോചിതനായ ശേഷം ഞാൻ രണ്ടോ മൂന്നോ തവണ ഇവിടെ വന്നിട്ടുണ്ട്. ഇവിടെ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ മതിയാവില്ല. ഇന്നലെ രാത്രി എനിക്ക് ഇവിടെ നിന്ന് കോൾ വന്നപ്പോൾ, യോഗി ജി എത്രതന്നെ എ​െൻറ യാത്ര തടയാൻ ശ്രമിച്ചാലും ഞാൻ തീർച്ചയായും ഇവിടെ വരുമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

പൗരത്വ ഭേതഗതി ബിൽ യഥാർഥത്തിൽ എന്താണെന്നതിനെക്കുറിച്ച് ആദ്യം സംസാരിക്കാം. യഥാർത്ഥത്തിൽ ഇത്​ എന്താണെന്ന് എത്ര പേർക്ക് അറിയാം? എല്ലാവർക്കും അറിയാമോ? എന്തിനാണ് പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്? 2016 ലും ഇതിന് വേണ്ടിയുള്ള ഒരു ശ്രമം നടന്നിരുന്നു. അസമിൽ അവർ നടപ്പാക്കിയ എൻ‌.ആർ.‌സി പ്രകാരം 19 ലക്ഷം പേർ പൗരന്മാർ അല്ലാതായി. അവരിൽ 90% പേരും എൻ‌.ആർ.‌സി.യിൽ അവർ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ജന വിഭാഗമാണ്. ഇത് അവർക്ക് വലിയ തിരിച്ചടിയായി. അതാണ് പൗരത്വ ഭേദഗതി ബിൽ പെട്ടെന്ന് അവതരിപ്പിക്കാനുള്ള കാരണം. ആദ്യം എന്താണ് ചെയ്യേണ്ടത് എന്ന് പോലും അവർക്ക് മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. അല്ലാത്തപക്ഷം, കശ്മീർ പ്രശ്നത്തിനുശേഷം കുറച്ചു കാലത്തേക്ക് അവർ നിശബ്ദത പാലിക്കുമായിരുന്നു.

അതിനാൽ, അവർ സി.എ.ബി കൊണ്ടുവന്നു. അതിൽ അവർ മുസ്​ലിംകളെ മാത്രം ഒഴിവാക്കി. മുസ്‌ലിംകളിലെ നിരീശ്വരവാദികളും റോഹിംഗ്യകളു ൾപ്പെടെയുള്ള മറ്റ് ഗ്രൂപ്പുകളും അതിൽ ഉൾപ്പെടും. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വെച്ച് മതപരമായ പീഡനങ്ങൾ നേരിട്ട് ഇന്ത്യയിലേക്ക് വന്ന അഞ്ചോ ആറോ മതക്കാർക്ക് മാത്രം പൗരത്വം നൽകുമെന്ന് അതിൽ പറയുന്നു. പക്ഷെ മുസ്‌ലിംകൾക്ക് മാത്രം ഇത് ബാധകമല്ല.

എന്നാൽ ഇത് നമ്മളെ ബാധിക്കുന്ന കാര്യമല്ല. അമിത് ഷാ ജി ഇന്നലെ പറഞ്ഞതുപോലെ, ഇത് പൗരത്വം നൽകുന്ന കാര്യമാണ്. അല്ലാതെ മുസ്‌ലിംങ്ങളിൽ നിന്ന് തിരിച്ചെടുക്കുന്ന കാര്യമല്ല. പിന്നെ നിങ്ങൾ എല്ലാവരും എന്തിനാണ് പ്രതിഷേധിക്കുന്നത്? നിങ്ങൾ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് അദ്ദേഹം പറയുന്നത്.

എൻ‌.ആർ.‌സി പ്ലസ് സി‌.എ.ബി എന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന കാര്യമാണ്. അവർ ഇപ്പോൾ ഒരു ചെറിയ മതിൽ പണിയുകയാണ്. പിന്നീട് അവർ അതിൽ ഒരു പൂർണ്ണമായ കെട്ടിടം തന്നെ നിർമ്മിക്കും. മതത്തി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ 90 വർഷമായി അവർ നമ്മുടെ യുവാക്കളുടെ മനസ്സിൽ വ്യാപിപിച്ച വിദ്വേഷത്തി​െൻറ ഫലമാണിത്.

കാറിൽ വരുമ്പോൾ ഡ്രൈവർ യോഗേന്ദ്ര ജിയുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു, സാധാരണ ഗ്രാമീണരായ ഞങ്ങൾക്ക് ഭരണഘടന എന്നത് എസ്.എച്ച്.ഒ(സ്റ്റേഷൻ ഹൗസ് ഓഫീസർ )യിൽ മാത്രം പരിമിതമാണ്. അദ്ദേഹം പറയുന്നതെല്ലാം ഞങ്ങളുടെ ഭരണഘടനയാണ്.

2014 മുതലുള്ള എസ്.എച്ച്.ഒ മാർക്ക് ഈ ഗ്രാമീണരോട് എങ്ങനെ പെരുമാറണമെന്ന് നന്നായി അറിയാം. അവർ രണ്ടാംകിട പൗരന്മാരാണ് എന്നും ഇത് അവരുടെ രാജ്യമല്ലെന്നും അവരെ നിരന്തരം ഓർമിപ്പിക്കും. നിങ്ങൾ എപ്പോഴെങ്കിലും അവർക്ക് എതിരെ സംസാരിച്ചാൽ, അപ്പോൾ അവർ അവരുടെ യഥാർത്ഥ സ്വഭാവം നിങ്ങളോട് കാണിക്കും. ഇതാണ് നമ്മൾ പ്രതിഷേധിക്കുകയും എതിർക്കുകയും ചെയ്യേണ്ടതി​െൻറ ആവശ്യം.

ഈ ബില്ല് ഇപ്പോൾ 'ബഹുമാനപ്പെട്ട' സഭ അംഗീകരിച്ചിരിക്കുകയാണ്. എൻ‌.ആർ.‌സി നടപ്പിലാക്കപെടുമ്പോഴാണ് നമുക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാൻ പോകുന്നത്.

അപ്പോൾ എൻ‌.ആർ.‌സി എന്താണ്?

എൻ‌.ആർ.‌സി അസമിനായി ഉണ്ടാക്കിയതാണ്. അതിനു വേണ്ടി ഇന്ത്യൻ രജിസ്റ്റർ ഉണ്ടാക്കുകയും അതിൽ 2019 ൽ ഭേദഗതി വരുത്തിയിരിക്കുകയുമാണ്. പൂർത്തിയായ ആ പട്ടിക ആഭ്യന്തര മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റിൽ ലഭ്യമാണ്. ആ പട്ടിക പൂർത്തിയായിട്ടുണ്ട്. എല്ലാ തയ്യാറെടുപ്പുകളും അവർ നടത്തി കഴിഞ്ഞു. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്ക് ഒരു മൂല്യവും ഇനി ഉണ്ടാവില്ല എന്ന് ഞാൻ നിങ്ങളോട് പറയുകയാണ്. ഇനി നിങ്ങൾക്ക് എല്ലാവർക്കും വേണ്ടത് ജനന സർട്ടിഫിക്കറ്റാണ്.

1950 മുതൽ 1987 വരെയുള്ള കാലയളവിൽ നിങ്ങൾ ഇന്ത്യയിൽ ജനിച്ചയാളാണെങ്കിൽ നിങ്ങൾ ഒരു പൗരനാണ്. അല്ലാത്തപ ക്ഷം, നിങ്ങൾ ഇന്ത്യൻ പൗരനല്ല. നിങ്ങളുടെ മാതാപിതാക്കളിൽ ആരെങ്കിലും 1987-2004 കാലഘട്ടത്തിൽ ജനിച്ചവരാണെങ്കിൽ, നിങ്ങൾ ഒരു പൗരനാണെന്ന് അടുത്ത മാനദണ്ഡം പറയുന്നു. 2004 ന് ശേഷം ഇന്നുവരെ, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ മാത്രമേ നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആവുകയുള്ളൂ. നിങ്ങൾ ഒരു മുസ്‌ലിമാണെങ്കിൽ നിങ്ങളെ ഒഴിവാക്കുമെന്ന് ഒരിടത്തും പരാമർശിച്ചിട്ടില്ല. അപ്പോൾ നമ്മൾ കുഴപ്പത്തിലാണോ? പിന്നെ എന്തിനാണ് നമ്മൾ പ്രതിഷേധിക്കുന്നത്? കാരണം അവരുടെ ഉദ്ദേശ്യമെന്താണെന്ന് നമുക്കറിയാം. വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്ന ആളുകളുടെ മനസ്സ് എത്ര ഇരുണ്ടതാണ് എന്ന് നമുക്കറിയാം. അവരുടെ ചിന്ത എന്താണെന്നും അവരുടെ മനസ്സിലിരുപ്പ് എന്താണെന്നും നമുക്കറിയാം. വിദ്വേഷം മാത്രമാണ് അവരുടെ മനസ്സ് നിറയെ. നമ്മുടെ സർട്ടിഫിക്കറ്റുകൾ, പിതാവി​െൻറ സർട്ടിഫിക്കറ്റുകൾ, മാതാവി​െൻറ സർട്ടിഫിക്കറ്റുകൾ, നിയമപരമായ രേഖകൾ എന്നിവ ലഭിക്കാൻ അവർ മന:പൂർവ്വം നമ്മെ ഓടിക്കും. അങ്ങനെ അവർ ലക്ഷക്കണക്കിന്, കോടിക്കണക്കിന് ആളുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.

നമ്മൾ എല്ലാവരേയും തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കും എന്ന അഭ്യൂഹം ഒരിക്കലും നടക്കാൻ പോകുന്നിലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. മനസ്സിലായോ? ആസാമിലെ ആറു ലക്ഷം പേരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാൻ ഇരുപത്തി മൂവായിരം കോടി രൂപയുടെ ബഡ്ജറ്റ് ആവശ്യമാണ്. അസമിലെ എൻ‌.ആർ.‌സിക്ക് വേണ്ടി 1500 കോടി രൂപ ചെലവഴിച്ചുവെന്ന് പറയപ്പെടുന്നു. 1600 കോടി ആണെന്നും റിപ്പോർട്ട്‌ ഉണ്ട്. ഇന്ത്യ മുഴുവൻ ഇത് തയ്യാറാക്കാൻ 30,000 കോടി രൂപ ആവശ്യമായി വരും.

നമ്മൾ സൗജന്യ വിദ്യാഭ്യാസം ആവശ്യപ്പെടുമ്പോൾ, പണമില്ലെന്ന് അവർ പറയുന്നു. ജെ.എൻ.യുവിലെ ഫീസ് വർദ്ധിപ്പിക്കണം എന്നാണ് അവർ പറയുന്നത്. ബി‌.ആർ.‌ഡിയിൽ (ബാബ രാഗ്ദേവ് ദാസ് മെഡിക്കൽ കോളേജ് ) 70 കുട്ടികൾ മരിച്ച അതേ വർഷം മാത്രം ഇന്ത്യയിൽ എട്ടു ലക്ഷം കുട്ടികൾ മരിച്ചു. ഞാൻ 'ഹെൽത്ത് ഫോർ ഓൾ' എന്ന ഒരു കാ​െമ്പെയ്ൻ നടത്തുന്നുണ്ട്. ഞാൻ അതിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. കാ​ൈമ്പയിനോടനുബന്ധിച്ച് 13 മുഖ്യമന്ത്രിമാരെ ഞാൻ കണ്ടു. ഞാൻ നമ്മുടെ ആരോഗ്യമന്ത്രിയെയും കണ്ട് എ​െൻറ നിർദ്ദേശം നൽകി. രാഷ്ട്രീയേതര ആരോഗ്യ പ്രവർത്തകർ, സുപ്രീം കോടതി അഭിഭാഷകർ, സി.ഇ.ഒമാർ, ഐ.ഐ.ടിയൻമാർ എന്നിവരടങ്ങുന്ന 25 പേരടങ്ങുന്ന ഒരു സംഘം ആണ് ഞങ്ങൾ. ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചു. യു.എൻ, യുണിസെഫ്, ലോക ബാങ്ക്, ലോകാരോഗ്യ സംഘടന എന്നിവയിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു. ആ ഡാറ്റ വളരെ ദാരുണമായിരുന്നു. നമ്മുടെ ജനസംഖ്യയുടെ 50% പോഷകാഹാരക്കുറവുള്ളവരാണ്. എയ്ഡ്‌സ്, എച്ച്.ഐ.വി എന്നിവ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പ്രമേഹത്തി​െൻറ കാര്യത്തിൽ രണ്ടാം സ്ഥാനമാണ്. ജനസംഖ്യയിലെ 72%പേർക്കും ആരോഗ്യ സൗകര്യങ്ങളില്ല. അവർക്ക് ഹൃദയാഘാതം വന്നാൽ, ഒരു ഡോക്ടറെ കാണിക്കണമെങ്കിൽ 40 കിലോമീറ്റർ സഞ്ചരിക്കേണ്ടിവരും. ഗവേഷണ പ്രകാരം, പലയിടത്തും ബംഗാളി ഡോക്ടർമാർ എന്ന പേരിൽ കുപ്രസിദ്ധരായ വ്യാജ ഡോക്ടർമാരാണ് യഥാർത്ഥത്തിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നത്. അവരുമില്ലെങ്കിൽ ആരും ഇല്ലാത്ത അവസ്ഥയാണ്. ലോകത്തിലെ ഏതൊരു ആരോഗ്യ സംവിധാനത്തി​െൻറയും നട്ടെല്ലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നമ്മുടെ രാജ്യത്ത് പലയിടത്തും ഇല്ല. ഇത് ഞെട്ടിക്കുന്ന ഒരു യാഥാർഥ്യമാണ്.

ഞാൻ അതിനെക്കുറിച്ച് അധികം സംസാരിക്കുന്നില്ല. ഞാൻ ഇന്ത്യയിലുടനീളം സഞ്ചരിച്ച് എല്ലാവരോടും ഈ കാര്യങ്ങൾ പറയുകയാണ്. ഞാൻ ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു. അത്കൊണ്ട് തന്നെ എ​െൻറ പ്രസംഗം കേട്ട് പലരും ബോറടിക്കുന്നുണ്ടാകും. എന്നാൽ ഇത് സത്യമാണ്. ഞാൻ നിങ്ങൾക്ക് എന്താണ് ആവശ്യം എന്ന് ജനങ്ങളോട് ചോദിക്കുമ്പോൾ അവർ പറയുന്നത് ഇതാണ് : പ്രതിദിനം മാന്യമായ രണ്ട് നേരത്തെ ഭക്ഷണം, നമ്മുടെ കുട്ടികൾക്ക് സുഖമില്ലാതാകുമ്പോൾ അവരെ ചികിൽസിക്കാനുള്ള നല്ല മെഡിക്കൽ സൗകര്യങ്ങൾ, അവരുടെ വിദ്യാഭ്യാസത്തിനായി നല്ല കോളേജുകളും സർവ്വകലാശാലകളും. എ.എം.യു, ജെ.എൻ.യു, ഐ.ഐ.ടി, ഐയിംസ് പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വിദ്യാഭ്യാസം നേടിയതിനുശേഷം ഒരു നല്ല ജോലി...

നൽകിയ വാഗ്ദാനത്തെക്കുറിച്ച് അവർ സംസാരിക്കുന്നില്ല

കഴിഞ്ഞ 70 വർഷമായി ഞങ്ങൾക്ക് ഉള്ള ആവശ്യം ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയാണ്. ഈ ആവശ്യം നമ്മുടേത് മാത്രമല്ല, എല്ലാവരുടെതുമാണ്. എല്ലാ ദരിദ്രരുടെതുമാണ് എന്നവർ പറയുന്നു. എന്നാൽ അവർ സംസാരിക്കുന്നത് ഷംഷാൻ-കബ്രിസ്താൻ (ശ്മശാനം -ഖബർ സ്ഥാൻ ), അലിബജ്രംഗ് ബാലി, 'നിങ്ങളുടെ' കശ്മീർ, രാം മന്ദിർ, സി.എ.ബി, എൻ‌.ആർ.‌സി എന്നിവയെ കുറിച്ചൊക്കെയാണ്. പ്രതിവർഷം രണ്ടു കോടി തൊഴിൽ അവസരം ഉണ്ടാക്കും എന്ന അവർ നൽകിയ വാഗ്ദാനത്തെക്കുറിച്ച് അവർ സംസാരിക്കുന്നില്ല.

നേരത്തെ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ നമുക്ക് നൽകുന്നതിനെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ അവർ തകിടം മറിച്ചു. ചെറുകിട വ്യവസായികൾ പാപ്പരായി. നിങ്ങൾ ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങിയാൽ നിങ്ങൾ മാത്രമല്ല അസ്വസ്ഥരെന്ന് നിങ്ങൾക്ക് മനസ്സിലാവും. ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥ, തൊഴിൽ, റോഡുകൾ, പാർപ്പിടം എന്നിവയിൽ അവർ അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾ മറനീക്കി പുറത്തു വരും.

എന്തുകൊണ്ടാണ് മോബ് ലിഞ്ചിങ് (ആൾക്കൂട്ട കൊലപാതകങ്ങൾ) നടക്കുന്നത് എന്ന് നിങ്ങൾ ചോദിക്കുന്നു പോലുമില്ല. മോബ്-ലിഞ്ചിംഗ് ഒരു സംഘടിത കുറ്റമാണ്. എങ്ങനെ ആക്രമിക്കാമെന്ന് നന്നായി പഠിപ്പിച്ച, പരിശീലനം ലഭിച്ച ഒരു ജനക്കൂട്ടമാണ് അത് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഒരു കൊലപാതകി ആയാളുടെ ക്രൂര കൃത്യത്തി​െൻറ വീഡിയോ നിർമ്മിക്കുന്നത്? അവർ തന്നെ വീഡിയോ റെക്കോർഡുചെയ്യുന്നു. ഫേസ്ബുക്കിൽ അപ്‌ലോഡുചെയ്യുന്നു. ദില്ലിയിൽ ഇരിക്കുന്ന അവരുടെ മുതിർന്ന ഏമാന്മാർ അതിലൂടെ സന്തുഷ്ടരാകുമെന്നും അവരെ ഏത് വിധേനയും രക്ഷിക്കുമെന്നും അവർ മനസിലാക്കുന്നു. മോബ്-ലിഞ്ചിംഗ് ഒരു സമുദായക്കാർക്കിടയിൽ ഭീതി സൃഷ്ടിക്കുന്നതിനും മറ്റ് സമൂഹത്തിൽ ഒരുതരം കപടഭക്തി സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നു.

കപട ഹിന്ദുത്വം യഥാർത്ഥത്തിൽ കപട ദേശീയതയാണ്

കപട ഹിന്ദുത്വത്തി​​െൻറ അടിസ്ഥാനത്തിൽ നടത്തുന്ന ദേശീയതയെക്കുറിച്ചുള്ള ചർച്ചകൾ യഥാർത്ഥത്തിൽ കപട ദേശീയതയാണ്. നമ്മുടെ മുഴുവൻ പ്രതിപക്ഷവും മൃദു ഹിന്ദുത്വ സമീപനം കാത്തു സൂക്ഷിക്കുന്നവരാണ്. അതിനാൽ നമ്മൾ മാത്രമേ ഇതിനെതിരെ സംസാരിക്കാനും പോരാടാനുമുള്ളൂ. രണ്ട് മാസം മുമ്പ് എനിക്ക് ഒരു ക്ലീൻ ചിറ്റ് ലഭിച്ച കാര്യം നിങ്ങൾ കേട്ടിരിക്കും . യോഗി സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. ഡോ. കഫീൽ ഒരു കൊലപാതകിയാണ്, അഴിമതിയിൽ പങ്കാളിയാണ്, എല്ലാ കുട്ടികളും അദ്ദേഹം കാരണമാണ് മരിച്ചത് എന്നതൊക്കെ ആയിരുന്നു ആ കമ്മിറ്റി അന്വേഷിക്കേണ്ടിയിരുന്നത്. എന്നാൽ ഡോ. കഫീൽ വളരെ ജൂനിയറായ ഒരു ഡോക്ടറാണെന്നും സ്വന്തം പോക്കറ്റിൽ നിന്ന് പണം ചിലവാക്കി സിലിണ്ടറുകൾ വാങ്ങി അദ്ദേഹം നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ചതായും ആ കമ്മിറ്റി അഭിപ്രായപ്പെട്ടു. പിന്നെ എന്തുചെയ്യാൻ കഴിയും? ഇനി എങ്ങനെ എന്നോട് പ്രതികാരം ചെയ്യാം എന്ന് യോഗി ജി ചിന്തിച്ചു. അതിനാൽ, അവർ എന്നെ വീണ്ടും സസ്പെൻഡ് ചെയ്തു. ഇപ്പോൾ ഞാൻ സർക്കാരിനെതിരെ സംസാരിക്കുന്നുവെന്ന് അവർ പറയുന്നു. അതിനാൽ ഇപ്പോൾ ഞാൻ പറയുന്നു : "ഇസ് സുല്മ് കെ ദൗർ മെ സുബാൻ ഖൊലെഗ കോൻ, അഗർ ഹം ഭി ചുപ് രഹേ ഘേ തോ ബൊലേഗ കോൻ " (അനീതിയുടെ ഈ കാലത്ത് ആരാണ് നീതിക്കു വേണ്ടി ശബ്‌ദിക്കുക. ഇനി നമ്മളും മൗനം പാലിക്കുന്നുവെങ്കിൽ പിന്നെ ആരാണ് സംസാരിക്കുക ).

ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവർ വെറും താത്കാലികമായ ചില മുഖങ്ങൾ മാത്രമാണ്. എന്നാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന ആർ‌.എസ്‌.എസി.​െൻറ പ്രത്യയശാസ്ത്രം വർഷങ്ങളായി ഇവിടെ നിലനിൽക്കുന്നുണ്ടെന്നും അത് ശാഖകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഇത് മനസിലാക്കാൻ കഴിയാത്തവരാണ് നമ്മൾ. നാം ഇത് മനസിലാക്കേണ്ടതുണ്ട്. സമ്പന്നവും ഐക്യവുമുള്ള ഇന്ത്യയിൽ വിശ്വസിക്കുന്ന എ​െൻറ എല്ലാ സഹോദരങ്ങളോടും ഈ ക്രൂരമായ നിയമത്തെ എതിർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

മുസ്‌ലിംകൾ മാത്രമല്ല എല്ലാവരും പ്രതിഷേധിക്ക​ട്ടെ

മുസ്‌ലിംകൾ മാത്രമല്ല എല്ലാവരും രംഗത്ത് വരണം. മതത്തി​െൻറ അടിസ്ഥാനത്തിൽ പൗരത്വം എങ്ങനെയാണ് നിശ്ചയിക്കൽ എന്ന് നമ്മളെല്ലാവരും ചോദിക്കണം. നമ്മുടെ ഇന്ത്യൻ ഭരണഘടനയിൽ ഇത് എവിടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് ? നമ്മൾ ലോക പൗരന്മാരാണ്. ഈ അതിരുകൾ രാഷ്ട്രീയക്കാർ അവരുടെ താൽപര്യത്തിന് വേണ്ടി നിശ്ചയിച്ചതാണ്. നിങ്ങൾ മാത്രമേ ഇതിനെതിരെ പൊരുതാനുള്ളൂ.

ഫീസ് വർധന തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ ഒന്നടങ്കം ജെ.എൻ.യു നേതൃ പരമായ പങ്കു വഹിക്കുന്നത് പോലെ അലിഗഡും നേതൃ പദവിയിൽ എത്തണം. കഴിഞ്ഞ കുറെ വർഷങ്ങളായി അലിഗഡ് ഉറങ്ങുകയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ഇപ്പോൾ ഈ യുവമുഖങ്ങൾ കാണുമ്പോൾ ഇതാണ് ഉണരേണ്ട സന്ദർഭമെന്നും അവർ ഉണർന്നിരിക്കുന്നു എന്നും ഞാൻ കരുതുന്നു . ഇത് നമ്മുടെ സ്വത്വത്തിനായുള്ള പോരാട്ടമാണ്. നമുക്ക് പോരാടേണ്ടി വരും. പോരാട്ടം എന്നാൽ ശാരീരിക അതിക്രമങ്ങൾ നടത്തുക എന്നല്ല, മറിച്ച് നമുക്ക് ജനാധിപത്യപരമായ രീതിയിലാണ് പോരാടേണ്ടത് എന്ന് ഞാൻ നിങ്ങളോട് പറയട്ടെ. തടങ്കൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള അഭ്യൂഹം തെറ്റാണെന്ന് ജനങ്ങളോട് പറയണം.

അവരുടെ ചിന്ത ലോക്സഭയിലും രാജ്യസഭയിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ നിയമം കൊണ്ടുവന്നതിന് ഇന്ത്യ ലോകമെമ്പാടും എത്രമാത്രം അപലപിക്കപ്പെടുന്നുവെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ അയൽവാസിയുടെ വീട്ടിലെ ഒരു പണിക്കാരൻ എന്തെങ്കിലും മോഷ്ടിച്ചുവെന്ന് നിങ്ങൾ കരുതുക. അയാൾ സ്വഭാവ ദൂഷ്യമുള്ള ആളാണ്. ആ മോഷണത്തിന് ശേഷം അയാൾ നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ നിങ്ങൾ അദ്ദേഹത്തിന് നിങ്ങളുടെ വീട്ടിൽ ജോലി നൽകുന്നുവെങ്കിൽ നിങ്ങളുടെ അയൽവാസിയുമായി നിങ്ങളുടെ ബന്ധം എങ്ങനെ ആയിരിക്കും? മതത്തി​െൻറ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നത് എങ്ങനെ നമുക്ക് ന്യായീകരിക്കാനാകും ? എ​െൻറ സഹോദരനും എന്നോടൊപ്പം ഇവിടത്തേക്ക് വന്നിട്ടുണ്ട്. അവൻ ചിലപ്പോൾ മറ്റ് എവിടെയെങ്കിലും പോയിരിക്കാം.

എ​െൻറ സഹോദരന് വെടിയേൽക്കുമ്പോൾ 500 മീറ്റർ അകലെ യോഗി ആദിത്യനാഥ് ഉണ്ടായിരുന്നു. അതിനു ശേഷം, ബുള്ളറ്റ് പുറത്തെടുക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്കായി കാറിൽ കയറ്റി കൊണ്ടുപോയപ്പോൾ, അനാവശ്യമായി 4 മണിക്കൂർ കാലതാമസം വരുത്തി. എന്തുകൊണ്ടാണ് ദൈവം എ​െൻറ ക്ഷമ പരീക്ഷിക്കുന്നതെന്ന് ഞാൻ ഒരിക്കൽ ചിന്തിച്ചു. കുട്ടികളെ രക്ഷിക്കാനായിരുന്നു ഞാൻ പോയത്. വേറെ ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എല്ലാം ദൈവഹിതമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ദൈവം എന്നെ പരീക്ഷിക്കുന്നതാകാം. ദൈവത്തിന് ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതുകൊണ്ടായിരിക്കാം ഞാൻ നിങ്ങളോടൊപ്പം ഇവിടെ സമയം ചിലവഴിക്കുന്നത്.

ദയവായി എല്ലാവരും ഐക്യപ്പെടുക എന്ന എ​െൻറ സന്ദേശമാണ് ഞാൻ നിങ്ങൾക്ക് നൽകുന്നത് . ദയവായി എല്ലാവരും ഒരുമിച്ച് നിൽക്കുക. ചെറിയ ചെറിയ കാര്യങ്ങളിലുള്ള അഭിപ്രായ വ്യതാസങ്ങൾ ഗൗനിക്കാതിരിക്കുക.

മതത്തി​െൻറ പേരിൽ മാത്രമല്ല  ഐക്യപ്പെടേണ്ടത്

ഇന്നലെ ഒരു ചർച്ചയിൽ ഞാൻ കേട്ടതാണ്. ആരോ പറഞ്ഞു. 'പാകിസ്ഥാനിലെ അഹ്മദിയാക്കളെയും ഷിയാക്കളെയും ഈ ബില്ലിൽ ഉൾപ്പെടുത്തണമായിരുന്നു. എന്നാൽ ഇവിടത്തെ മുസ്‌ലിംകൾ പരസ്പരം തമ്മിൽ തല്ലിക്കൊല്ലും .' നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? ഇങ്ങനെയാണ് അവർ നമ്മെ വിഭജിക്കാൻ ആഗ്രഹിക്കുന്നത്. അതിനാൽ ഐക്യപ്പെടുക. മതത്തി​െൻറ പേരിൽ മാത്രമല്ല നാം ഐക്യപ്പെടേണ്ടത്. ആദ്യം മനുഷ്യരാണ് നമ്മൾ. നമ്മുടെ പ്രവൃത്തികൾ ശരിയായിരിക്കണമെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിച്ചു. നമ്മുടെ ഉദ്ദേശ്യങ്ങൾ ശരിയായിരിക്കണം. നിങ്ങൾ പാത തിരഞ്ഞെടുക്കുക, ദൈവം നിങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കും. ഇൻഷാ അല്ലാഹ് (ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ).

അതിനാൽ, നിങ്ങളുടെ മുസ്‌ലിം ഇതര സുഹൃത്തുക്കളിലേക്ക് എത്തിച്ചേരാനും അവരോട് സംസാരിക്കാനും ഞാൻ നിങ്ങളെല്ലാവരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ സൈക്കിൾ-പഞ്ചർ ശരിയാക്കുന്ന , ഫ്രിഡ്ജുകൾ നന്നാക്കുന്ന, മൊബൈലുകൾ റിപ്പയർ ചെയ്യുന്ന, 4 തവണ വിവാഹം കഴിക്കുന്ന, ജിഹാദികളോ പാകിസ്ഥാനികളോ അല്ല. ഞങ്ങളിൽ ഡോക്ടർമാരും എഞ്ചിനീയർമാരും ഉണ്ടെന്ന് അവരോട് പറയുക. നമുക്കിടയിൽ സൃഷ്ടിക്കപ്പെട്ട ദൂരങ്ങൾ നീക്കാനായി ഒരു ദിവസം ഞങ്ങളോടൊപ്പം വരൂ, ഇരിക്കൂ, ഭക്ഷണം കഴിക്കൂ എന്നവരോട് പറയൂ.

ആർ‌.എസ്‌.എസ് ചെയ്തു കൊണ്ടിരിക്കുന്നത് 

ആർ‌.എസ്‌.എസ് സ്കൂളിന്റെ പേരിൽ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ആ സ്കൂളി​െൻറ പേര് അറിയുമായിരിക്കും. ഞാൻ അതി​െൻറ പേര് പ്രത്യേകം പരാമർശിക്കുന്നില്ല. ഈ താടിയുള്ള ആളുകളൊക്കെ വളരെ മോശക്കാരാണ് എന്നാണ് ആ സ്കൂളുകളിലൂടെ പഠിപ്പിക്കുന്നത്. സൈക്കിൾ പഞ്ചറുകൾ ശരിയാക്കുന്നവർ , റഫ്രിജറേറ്ററുകൾ നന്നാക്കുന്നവർ, നാല് തവണ വിവാഹം കഴിക്കുന്നവർ, വൃത്തികെട്ട ജീവിതം നയിക്കുന്നവർ, പാകിസ്ഥാനെ പിന്തുണയ്ക്കുന്നവർ, തീവ്രവാദികൾ എന്നിങ്ങനെയുള്ള നാലഞ്ചു വിഭാഗക്കാരാണ് ഇവരെന്ന ബോധം സൃഷ്ടിച്ചു. അതിനാൽ, ടൈ ധരിച്ച ഒരു ഡോക്ടർ കുട്ടികളുടെ ജീവൻ രക്ഷിക്കുന്നുവെന്ന് കാണുമ്പോൾ, ഈ മൃഗം ഏതാണെന്ന് അവർക്ക് തോന്നുകയാണ്.

അവർക്ക് അറിയില്ല. നിങ്ങൾ അവരോട് എങ്ങനെ പറയും? അവരെ ഒരുമിച്ചുകൂട്ടുക. ഞങ്ങൾ മനുഷ്യരാണെന്നും ഞങ്ങളെക്കാൾ കൂടുതൽ മതവിശ്വാസികളാകാൻ ആർക്കും കഴിയില്ലെന്നും അവരെ ബോധ്യപ്പെടുത്തുക. നമ്മുടെ മതം മാനവികതയെക്കുറിച്ചാണ്​ പഠിപ്പിക്കുന്നത്. നമ്മുടെ മതം ബഹുസ്വരതയെക്കുറിച്ചാണ്​ പഠിപ്പിക്കുന്നത്.

മൂന്ന് കാര്യങ്ങൾ ഓർത്തുവെക്കുക 

വളരെയധികം നന്ദി. സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മൂന്ന് കാര്യങ്ങൾ പറഞ്ഞ് ഞാൻ നിർത്തുകയാണ്. ആദ്യം, സി.എ.ബിയെ നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ല. ഇതിന് നമ്മളുമായി ഒരു ബന്ധവുമില്ല. പക്ഷെ ഇത് ഒരു ഓർമപ്പെടുത്തലാണ്. ഈ രാജ്യം നിങ്ങളുടേതല്ലെന്നും നിങ്ങൾ വെറും കുടിയാന്മാരാണെന്നും വരുത്തി തീർക്കാനുള്ള ശ്രമമാണിത്. ഇതൊരു സിഗ്നലാണ്. വളരെ വലിയ സിഗ്നൽ. നമ്മുടെ ഭരണഘടനയായി കരുതപ്പെടുന്ന എസ്.എച്ച്.ഒയിലേക്ക് വരെ അത് വ്യാപിപ്പിക്കും. രണ്ടാമതായി, എൻ‌.ആർ.‌സിക്ക് വേണ്ടി തയ്യാറാകുക.

നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുക. നിങ്ങളുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുക. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സാധുതയുള്ളതല്ലെന്ന് ഞാൻ നിങ്ങളോട് പറയുന്നു. എന്തൊക്കെ രേഖകളാണ് ആവശ്യമായിരിക്കുക എന്ന് പോലും അവർ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ, ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഏറ്റവും പ്രധാനപ്പെട്ട നാലു രേഖകൾ, നിങ്ങളുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ നിങ്ങൾക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കുക. മാതാപിതാക്കളുടേത് ചിലപ്പോൾ ലഭ്യമായിരിക്കില്ല, എന്നാൽ നിങ്ങളുടേത് ലഭിക്കും. തുടർന്ന് പഞ്ചായത്തുകളിൽ നിന്നും നിങ്ങളുടെ വില്ലജ് ഓഫിസിൽ നിന്നും ലഭിക്കുന്ന നിങ്ങളുടെ ഭൂമിയുടെ രേഖകൾ, വോട്ടർ ഐഡി കാർഡുകൾ എന്നിവ തയ്യാറാക്കി വെക്കുക. ഈ നാലു പ്രമാണങ്ങൾ വളരെ പ്രധാനമാണ്. അവ തയ്യാറായി സൂക്ഷിക്കുക.

മൂന്നാമതായും ഏറ്റവും പ്രധാനമായും എനിക്ക് പറയാനുള്ളത്, ഈ രാജ്യം നമ്മുടേതാണ്. ഈ ഹിന്ദുസ്ഥാൻ നമ്മുടേതാണ്. ഇത് ആരുടെയും തറവാട് സ്വത്തല്ല. ഈ ഭൂമി നിങ്ങളുടേത് പോലെ, അത് നമ്മുടേതുമാണ്. ഞങ്ങളിൽ നിന്നത് എടുത്തുകളയാൻ മാത്രം ശേഷി നിങ്ങൾക്കില്ല. ഞങ്ങളെ ഭയപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല. ഞങ്ങളെ നീക്കംചെയ്യാനുള്ള ശേഷി നിങ്ങൾക്കില്ല.

ഞങ്ങൾ 25 കോടി ജനങ്ങളെ, ആൾക്കൂട്ട കൊലപാതകത്തിലൂടെയോ നിസാര നിയമങ്ങളാലോ നിങ്ങൾക്ക് ഭയപ്പെടുത്താനാവില്ല. നമ്മൾ ഒരുമിച്ചു നിൽക്കും. നമ്മൾ ഒരുമിച്ചു നിൽക്കും. നമ്മൾ ഐക്യപ്പെടും. നമ്മൾ ഒരു മതിൽ പോലെ ഒരുമിച്ച് നിൽക്കും. ഇത് നമ്മുടെ ഹിന്ദുസ്ഥാൻ ആണ്. ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് ഞങ്ങൾ നിങ്ങളോട് പറയും. "sർ‌ണ ആതാ നഹി ഹേ ഹമെ , ജിത്‌ന ഭീ ടരാലോ. ഹർ ബാർ ഏക് നയെ താകത് സേ ഉട്ടേൻഗെ, ചാഹെ ജിത്ന ഭി ടബാ ലോ. "(ഞങ്ങളെ എത്ര ഭയപ്പെടുത്തിയാലും ഞങ്ങൾ ഭയപ്പെടുകയില്ല. ഞങ്ങളെ എത്ര അടിച്ചമർത്തിയാലും ഓരോ തവണയും ഞങ്ങൾ ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും). അല്ലാ ഹാഫിസ് (ദൈവം നിങ്ങളോടൊപ്പമുണ്ടാകട്ടെ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.