ന്യൂഡൽഹി: മൂന്ന് സേനാവിഭാഗങ്ങളെ ഒരുകുടക്കീഴിലാക്കാൻ ലക്ഷ്യമിടുന്ന സംയുക്ത തിയറ്റര്‍ കമാന്‍ഡ് യാഥാർഥ്യമാകുന്നു. വിവിധ സൈനിക കേന്ദ്രങ്ങളുടെ അനുമതിയായതോടെ പദ്ധതി അന്തിമ അംഗീകാരത്തിനായി വരുംദിവസങ്ങളിൽ സർക്കാറിനുമുന്നിൽ എത്തിയേക്കുമെന്നാണ് വിവരം. ഏതാനും മാസങ്ങളായി സേനാമേധാവികളെ ഉൾപ്പെടുത്തി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ അനിൽ ചൗഹാന്റെ നേതൃത്വത്തിൽ വിശദമായ ചർച്ചകൾ നടന്നുവരുകയായിരുന്നു.
സമവായമായതോടെ പദ്ധതിക്കായുള്ള പുതിയ മേധാവികളുടെ നിയമനവും പൂർത്തിയായി. പദ്ധതി നടപ്പാകുന്നതോടെ ഈ മേധാവികൾ സി.ഡി.എസ് വഴി പ്രതിരോധ മന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് നൽകും.
സംയുക്ത തിയറ്റര്‍ കമാന്‍ഡ് നിലവിൽ വരുന്നതോടെ കരസേന, വ്യോമസേന, നാവികസേന വിഭാഗങ്ങളുടെ വിവിധ പ്രവർത്തനങ്ങളുടെ ഏകോപനവും ആശയവിനിമയവും വേഗത്തിലാക്കാൻ സാധിക്കും. രാജ്യത്തെ സേനകൾ സംയോജിച്ച് മൂന്ന് പ്രാഥമിക തിയറ്റർ കമാൻഡുകളായി പ്രവർത്തിക്കും. ഓരോന്നും വ്യത്യസ്തമായ തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പടിഞ്ഞാറൻ, വടക്കൻ അതിർത്തികൾക്കുപുറമെ സമുദ്രമേഖലകളുടെ മേൽനോട്ടത്തിനായി സമുദ്ര കമാൻഡും നിലവിൽ വരും.
ഭൗമശാസ്ത്രപരവും സാങ്കേതികപരവുമായ സൗകര്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേനകളെ കാര്യക്ഷമമായി വിന്യസിക്കാൻ പദ്ധതി സഹായകമാവുമെന്നാണ് കരുതപ്പെടുന്നത്. ‘ഒരൊറ്റ അതിര്‍ത്തി, ഒരൊറ്റ സേന’ എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം സംയുക്ത കമാന്‍ഡുകള്‍ രൂപവത്കരിക്കുന്നതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു.
രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ കുതിച്ചുചാട്ടമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്. പദ്ധതി മുന്നിൽക്കണ്ട് മേയ് 10ന് സർക്കാർ ഇന്റർ സർവിസസ് ഓർഗനൈസേഷൻ നിയമം വിജ്ഞാപനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.