ഹൈദരാബാദ്: വിരമിക്കാൻ സമയമായെന്ന് പറയുന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ സമാധാനമായി അതിന് പറഞ്ഞയക്കാൻ തെലങ്കാന തയാറാവണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറിന വാഗ്ദാനങ്ങളടങ്ങിയ കോൺഗ്രസ് പ്രകടനപത്രിക പ്രകാശനംചെയ്യുകയായിരുന്നു ഖാർഗെ.
അഭയഹസ്തം എന്ന പേരിലുള്ള പത്രികയിൽ സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളെ പ്രത്യേകം ഊന്നിയുള്ള വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മഹാലക്ഷ്മി പദ്ധതിയിൽ സ്ത്രീകൾക്ക് 2500 രൂപ ധനസഹായവും 500 രൂപക്ക് പാചകവാതകവും സർക്കാർ ബസുകളിൽ സൗജന്യയാത്രയുമാണ് വാഗ്ദാനം.
കർഷകർക്കായി റിതു ഭരോസ എന്ന പദ്ധതിയിൽ ഏക്കറിന് 15,000 രൂപവീതം വാഗ്ദാനമുണ്ട്. കാർഷിക തൊഴിലാളികൾക്ക് വാർഷികാടിസ്ഥാനത്തിൽ 12,000 രൂപയും നെല്ല് ക്വിന്റലിന് 500 രൂപ അധിക ബോണസും വാഗ്ദാനമുണ്ട്.
ഗൃഹജ്യോതി പദ്ധതിയിൽ വീടുകൾക്ക് 200 യൂനിറ്റ് വൈദ്യുതിയും ഇന്ദിരാമ്മ ഇന്ദ്ലു പദ്ധതിയിൽ ഭവനരഹിതർക്ക് സ്ഥലവും വീടു നിർമിക്കാൻ അഞ്ചുലക്ഷം ധനസഹായവും വാഗ്ദാനമുണ്ട്. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ സമയക്രമവും തീയതികളും ഇതേ ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.