ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ മാസം 14ന് ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായയാത്രയുടെ തുടക്കവേദിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി മണിപ്പൂർ സർക്കാർ. തുടക്കവേദിക്ക് അനുമതി നിഷേധിച്ചെന്നും മറ്റൊരിടത്തുനിന്ന് പരിപാടി തുടങ്ങുകതന്നെ ചെയ്യുമെന്നും കോൺഗ്രസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രാതിനിധ്യം പരിമിതപ്പെടുത്തി നേരത്തേ നിശ്ചയിച്ച പാലസ് ഗ്രൗണ്ടിൽത്തന്നെ പരിപാടിക്ക് അനുമതി നൽകിയത്.
പാലസ് ഗ്രൗണ്ട് അനുവദിക്കാത്തതിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് എന്നിവർ വാർത്തസമ്മേളനത്തിൽ പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സംസ്ഥാന നേതാക്കൾ ആവശ്യം ഉന്നയിച്ചപ്പോൾ അനുകൂല നിലപാട് അറിയിച്ചശേഷമാണ് വേദി മാറ്റുന്നതെന്നും അവർ ആരോപിച്ചു.
ഭാരത് ജോഡോ യാത്രക്ക് രാഷ്ട്രീയ ഉദ്ദേശ്യമില്ല. മണിപ്പൂരിൽ രാഹുൽ ഗാന്ധി നേരത്തേ പോയതുമാണ്.
സമാധാനപരമായൊരു മണിപ്പൂരാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ യാത്രയുമായി സഹകരിക്കുന്നുണ്ട്. ഇതിനെല്ലാമിടയിലും വേദി വിലക്കിയത് യാത്രയെ ബി.ജെ.പി ഭയപ്പെടുന്നതുകൊണ്ടാകാമെന്ന് നേതാക്കൾ പറഞ്ഞു.
ഇതിനെല്ലാമിടയിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ മണിപ്പൂർ സർക്കാർ നിലപാട് തിരുത്തിയത്. ജോഡോ യാത്രയുടെ ലഘുലേഖ, ന്യായ യോദ്ധ എന്ന പേരിൽ വളൻറിയറാകാൻ താൽപര്യപ്പെടുന്നവർക്കായുള്ള മൊബൈൽ ആപ് എന്നിവ കെ.സി. വേണുഗോപാൽ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.