ലഖ്നൗ: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയം അടച്ചിടുന്നതിലേക്കു നയിച്ച പരാതിയിൽ ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്നും നമസ്കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി (ഹൗദ്/വുസു ഖാന) യിലെ വാട്ടർ ഫൗണ്ടൻ ആണ് ഇതെന്നും മസ്ജിദ് അധികൃതർ. പള്ളിയിലും പരിസരത്തും വിശദമായ പരിശോധന നടത്തി ക്ഷേത്രത്തിന് ആധാരമായ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവികുമാർ ദിവാകർ നേരത്തേ കമീഷനെ നിയോഗിച്ചിരുന്നു.
135 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചപ്പോൾ ഹിന്ദുവിഭാഗം അഭിഭാഷകൻ ഹരിശങ്കർ ജയിൻ പരിശോധനയിൽ 'സുപ്രധാന തെളിവ്' കണ്ടെത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയിൽ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് പള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ച് ഉത്തരവിട്ടു.
അതേസമയം, കണ്ടെത്തിയെന്ന് പറയുന്നത് മുഗൾകാല നിർമിതിയായ മസ്ജിദിന്റെ വുസു ഖാനയിലുള്ള വാട്ടർ ഫൗണ്ടന്‍റെ ഭാഗമാണെന്നും ഇതു വ്യക്തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും ഗ്യാൻവാപി മസ്ജിദിന്റെ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്ജിദ് ജോ. സെക്രട്ടറി സയിൻ യാസീൻ 'ദ ഹിന്ദു' പത്രത്തോട് പറഞ്ഞു.
രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്തതാണ് ഫൗണ്ടൻ. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
കോടതി ഇക്കാര്യത്തിൽ ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും കോടതി തന്നെ നിയോഗിച്ച നിഷ്പക്ഷ കക്ഷിയായ കമീഷണറെ വിട്ട് മസ്ജിദിനു മേൽ അവകാശവാദം ഉന്നയിക്കുന്ന വിഭാഗത്തിന്റെ പരാതിക്കു വഴങ്ങുകയായിരുന്നുവെന്നും യാസീൻ കുറ്റപ്പെടുത്തി. വുസു ഖാനയുടെ ഭാഗം അടച്ചിട്ടതിനാൽ ആളുകൾക്കു അംഗശുദ്ധി വരുത്താൻ മറ്റൊരിടത്ത് സൗകര്യമൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.