കൊഹിമ: സൈനിക നടപടിയിൽ 14 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ ജരോഷത്തിനിടെ, സായുധ സേനയുടെ പ്രത്യേക അധികാര നിയമമായ 'അഫ്സ്പ' പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാൻഡ് സർക്കാർ കേന്ദ്രത്തിന് കത്തെഴുതും. ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വാർഷിക പരിപാടിയായ ഹോൺബിൽ ഫെസ്റ്റിവലും നാഗാലാൻഡ് നിർത്തലാക്കും. നാഗാലാൻഡ് മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
സൈനിക വെടിവെപ്പിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, സംസ്ഥാനത്ത് നിലവിലുള്ള സൈനിക പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മേഘാലയ മുഖ്യമന്തി കോൺറഡ് കെ. സാങ്മ ഉൾപ്പെടെയുള്ളവർ ഈ ആവശ്യം കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. സാങ്മയുടെ പാർട്ടിയായ 'എൻ.പി.പി' ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്.
സംസ്ഥാന കോൺഗ്രസ് ഘടകവും ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചു. 'അഫ്സ്പ' വിഷയത്തിൽ മുഖ്യമന്തി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
'ദ ഹൈന്നീവ്ട്രെപ് യൂത്ത് കൗൺസിൽ' (എച്ച്.വൈ.സി), ഖാസി സ്റ്റുഡൻറ് യൂനിയൻ (കെ.എസ്.യു) തുടങ്ങിയ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തെത്തി. മേഖലയിലെ സൈനിക സാന്നിധ്യം കുറക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഇടതുകക്ഷികളും 'അഫ്സ്പ'ക്കെതിരെ രംഗത്തുവന്നു. ഇൻറിലജൻസ് പിഴവാണ് കൊലയിലേക്ക് നയിച്ചതെന്ന സൈന്യത്തിെൻറ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തിൽ വിശദ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ 'അഫ്സ്പ' ഫലപ്രദമല്ലെന്ന് വ്യക്തമായതായി സി.പി.ഐ അഭിപ്രായപ്പെട്ടു.
അസമിലെ പ്രതിപക്ഷ കക്ഷികളും 'അഫ്സ്പ'ക്കെതിരെ പ്രതിഷേധമുയർത്തി. കോടതിയോട് ഉത്തരം പറയേണ്ട ബാധ്യത 'അഫ്സ്പ' ഇല്ലാതാക്കുന്നത് അതിക്രമങ്ങൾക്ക് തുണയാവുകയാണെന്ന് 'റെയ്ജോർ ദൾ' അധ്യക്ഷൻ അഖിൽ ഗോഗോയ് പറഞ്ഞു.
'അസം ജാതീയ പരിഷദ്' അധ്യക്ഷൻ ലുറിൻജ്യോതി ഗോഗോയ് 'അഫ്സ്പ'ക്കെതിരെ ആഞ്ഞടിച്ചു. സൈന്യം സ്വന്തം ജനതയെ കൊന്നൊടുക്കുന്നത് ഹൃദയം തകർക്കുന്ന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
നാഗാലാൻഡ് സംഭവം 'അഫ്സ്പ'യെ ചോദ്യമുനയിലാക്കിയതായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുഷ്മിത ദേവ് പറഞ്ഞു. വിഷയത്തിൽ അമിത് ഷാ വടക്കു കിഴക്കൻ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു. തൃണമൂൽ സംഘം അടുത്തയാഴ്ച വെടിവെപ്പുണ്ടായ സ്ഥലം സന്ദർശിക്കും.
സംഘർഷ മേഖലകളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന 1958ലെ നിയമമാണ് 'അഫ്സ്പ' അഥവാ 'ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്'. 'സംഘർഷ ബാധിത മേഖലക'ളായി തരംതിരിച്ച പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കുന്നത്.
ഇവിടെ സൈന്യത്തിനും പൊലീസിനും വെടിവെപ്പ് നടത്താനും വീടുകളിൽ തിരച്ചിൽ നടത്താനുമുള്ള അധികാരമുണ്ടായിരിക്കും. തീവ്രവാദം, ഭീകരത, രാജ്യത്തിെൻറ അഖണ്ഡതക്കുള്ള വെല്ലുവിളി തുടങ്ങിയ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാം. സംശയത്തിെൻറ പേരിൽ പോലും വാറൻറില്ലാതെ അറസ്റ്റു ചെയ്യാം.
സേനയുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയമ പരിരക്ഷ ലഭിക്കും. നിലവിൽ അസം, നാഗാലാൻഡ് (ഇംഫാൽ മുനിസിപ്പൽ കൗൺസിൽ മേഖല ഒഴികെ) എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളും അതിർത്തി പ്രദേശങ്ങളിലും ഈ നിയമമുണ്ട്. ക്വിറ്റ് ഇന്ത്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ 1942ൽ കൊണ്ടുവന്ന ഓർഡിനൻസിെൻറ തുടർച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.