ന്യൂഡൽഹി: ഫലസ്തീനിയൻ സംഘടനയായ ഹമാസിനെ തീവ്രവാദികളെന്ന് വിളിച്ചതിൽ വിമർശനങ്ങൾ നിലനിൽക്കെ സമാധാനം കാംക്ഷിക്കുന്നവനും സമാധാനം പ്രാവർത്തികമാക്കുന്നവനുമാണ് യഥാർത്ഥ ഹിന്ദുവെന്ന് ശശി തരൂർ എം.പി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കോഴിക്കോട്ട് വെച്ച് നടന്ന മുസ്ലിം ലീഗ് പരിപാടിയിൽ ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ഹമാസിനെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ശശി തരൂരിനെതിരെ വിമർശനങ്ങൾ ശക്തമായത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊന്നു. 200 പേരെ ബന്ദികളാക്കി. അതിന്‍റെ മറുപടിയായി ഇസ്രായേൽ 1400 അല്ല 6000 പേരെ കൊന്നുകഴിഞ്ഞു. ബോംബിങ് നിർത്തിയിട്ടില്ല. 19 ദിവസമായി ലോകം കാണുന്നത് മനുഷ്യാവകാശത്തിന്‍റെ ഏറ്റവും മോശമായ ദുരന്തമാണ് എന്നായിരുന്നു തരൂരിന്‍റെ പരാമർശം. ഇത് മുസ്‌ലിം വിഷയമല്ല, മനുഷ്യാവകാശത്തിന്‍റെ വിഷയമാണ്. ആരുടെയും മതം ചോദിച്ചിട്ടല്ല ബോംബ് വീഴുന്നത്. ഫലസ്തീൻ ജനസംഖ്യയുടെ ഒന്നുരണ്ട് ശതമാനം ക്രിസ്ത്യൻസുമുണ്ട്. അവരുടെ ഈ യുദ്ധത്തിൽ മരണപ്പെട്ടിട്ടുണ്ട്.ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന കാലം യാസർ അറാഫത്തിനെ മൂന്നാലു പ്രാവശ്യം നേരിൽ കണ്ട് സംസാരിക്കാൻ അവസരമുണ്ടായി. ഇന്ദിര ഗാന്ധിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്ത്യയുടെ പിന്തുണ എപ്പോഴും ഫലസ്തീന് ഉണ്ടായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു വെന്നും തരൂർ പറഞ്ഞു.
അതേസമയം പ്രസ്താവന വിവാദമായതോടെ മഹല്ലുകളുടെ ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂർ എം.പിയെ ഒഴിവാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്‍ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നാണ് ശശി തരൂരിനെ ഒഴിവാക്കിയത്.
വിവാദം കനത്തതോടെ തന്‍റെ പരാമർശം ഇസ്രായേൽ അനുകൂലമായി ആരും വളച്ചൊടിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ശശി തരൂർ രംഗത്തെത്തിയിരുന്നു. താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണ്. തന്റെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.