ന്യൂഡൽഹി: രാമക്ഷേത്ര നിർമാണം കേന്ദ്രസർക്കാറിന്റെ നേട്ടമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു. ബജറ്റിന് മുന്നോടിയായി പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കഴിഞ്ഞ 10 വർഷത്തെ നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്തിനുണ്ടായ നേട്ടങ്ങൾ പറയുമ്പോഴാണ് രാഷ്ട്രപതി രാമക്ഷേത്രത്തിന്റെ നിർമാണവും പരാമർശിച്ചത്. നൂറ്റാണ്ടുകളായി ജനങ്ങൾ കാത്തിരുന്ന ഒന്നായിരുന്നു രാമക്ഷേത്രമെന്നും അത് യാഥാർഥ്യമാക്കാൻ സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കാനായതും സർക്കാറിന്റെ നേട്ടമാണെന്ന് ദ്രൗപതി മുർമ്മു പറഞ്ഞു.
കോവിഡ് മഹാമാരിക്കും രണ്ട് പ്രധാന യുദ്ധങ്ങൾക്കും ലോകം കഴിഞ്ഞ വർഷങ്ങളിൽ സാക്ഷിയായി. ഈ പ്രതിസന്ധിക്കിടയിലും പണപ്പെരുപ്പ നിരക്ക് നിയന്ത്രിച്ച് നിർത്താൻ സർക്കാറിന് സാധിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് പണപ്പെരുപ്പം നിയന്ത്രിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥകളുടെ കൂട്ടത്തിലാണ് ഇന്ത്യയിപ്പോഴുള്ളതെന്നും അവർ പറഞ്ഞു.
വനിത സംവരണ ബില്ലും മുത്തലാഖ് ബില്ലും പാസാക്കാനായത് നേട്ടമാണ്. ജി20 ഉച്ചകോടി വിജയകരമായി നടത്താനും സർക്കാറിന് സാധിച്ചു. കൃഷിക്കാർക്കൊപ്പം നിന്നാണ് സർക്കാർ പ്രവർത്തിച്ചത്. താങ്ങുവിലയിനത്തിൽ 18 ലക്ഷം കോടി കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഗോത്രവിഭാഗങ്ങളെ ഇത്രത്തോളം പരിഗണിച്ച സർക്കാറില്ല. ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് വലിയ പരിഗണന കിട്ടി. ഐതിഹാസികമായ നേട്ടങ്ങളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. അടിസ്ഥാന സൗകര്യ വികസനമേഖലയിലടക്കം വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.