ബംഗളൂരു: തിങ്കളാഴ്ച വൈകീട്ട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പെയ്ത മഴക്കും ചോർത്താനാകാത്ത ആവേശമായി കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ചൊവ്വാഴ്ച നിശ്ശബ്ദ പ്രചാരണത്തിനുശേഷം ബുധനാഴ്ച രാവിലെ കർണാടക പോളിങ് ബൂത്തിലേക്ക് നീങ്ങും. മേയ് 13നാണ് വോട്ടെണ്ണൽ.
വിജയപ്രതീക്ഷയിൽ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജെ.ഡി-എസും പ്രചാരണം നയിച്ചപ്പോൾ ആം ആദ്മി പാർട്ടി കർണാടകയിൽ രണ്ടാംവട്ടവും പരീക്ഷണത്തിനിറങ്ങി. ദേശീയപദവി നഷ്ടമായ എൻ.സി.പിയും സി.പി.ഐയും വിജയപ്രതീക്ഷയില്ലെങ്കിലും വോട്ടുശതമാനം കൂട്ടാൻ ഏതാനും സീറ്റുകളിൽ രംഗത്തിറങ്ങിയപ്പോൾ ചിക്കബല്ലാപുരയിലെ ബാഗേപള്ളി ലക്ഷ്യമിട്ട് സി.പി.എം വൻ പ്രചാരണമാണ് നടത്തിയത്.
ഒരു മുസ്ലിം പ്രതിനിധിയെ പോലും പരിഗണിക്കാതെ 224 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ച ബി.ജെ.പി, പ്രചാരണത്തിനിടെ മുസ്ലിം വോട്ട് ആവശ്യമില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് 223 മണ്ഡലത്തിലും ജെ.ഡി-എസ് 207 മണ്ഡലത്തിലും മത്സരിക്കും.
അതിനിടെ, ഹുബ്ബള്ളിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ബി.ജെ.പി ജനാധിപത്യത്തെ അടിച്ചമർത്താൻ നോക്കുകയാണെന്നും കർണാടകയുടെ കീർത്തിക്കും പരമാധികാരത്തിനും അഖണ്ഡതക്കുമെതിരായ ഭീഷണി അനുവദിക്കില്ലെന്നും ബി.ജെ.പിയുടെ വിദ്വേഷപ്രവർത്തനങ്ങൾ തടയുമെന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.
സോണിയ ഗാന്ധിയുടെ പരാമർശം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പരാതി നൽകിയത്. ഇതേത്തുടർന്ന്, തെരഞ്ഞെടുപ്പ് കമീഷൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ഇതുസംബന്ധിച്ച ട്വീറ്റ് പരിശോധിച്ച് മാറ്റം വരുത്താൻ നിർദേശം നൽകി.
പരസ്യപ്രചാരണത്തിന്റെ സമാപനദിനത്തിൽ ബംഗളൂരുവിൽ ‘കേരള സ്റ്റോറി’ സിനിമ ബി.ജെ.പി പ്രദർശിപ്പിച്ചു. പെൺകുട്ടികളെ സിനിമ പ്രദർശനത്തിന് ക്ഷണിച്ചുവരുത്തുകയും ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ തുടങ്ങിയവർ പ്രദർശനത്തിനെത്തി. ഉഡുപ്പിയിൽ ബി.ജെ.പി സ്ഥാനാർഥി യശ്പാൽ സുവർണയുടെ പ്രചാരണ പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പങ്കെടുത്തു.
മംഗളൂരുവിൽ മുതിർന്ന ബി.ജെ.പി നേതാവ് സതീഷ് പ്രഭുവടക്കം നാലുപേർ കോൺഗ്രസിൽ ചേർന്നു. രണ്ട് എം.എൽ.എമാരും ആറ് എം.എൽ.സിമാരുമടക്കം ബി.ജെ.പിയുടെ 47 മുതിർന്ന നേതാക്കളാണ് ഇതുവരെ കോൺഗ്രസിലേക്കും ജെ.ഡി-എസിലേക്കുമായി ചേക്കേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.