രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വൈകാൻ കാരണം സ്ഥാനാർഥി തർക്കമല്ല -പി.സി വിഷ്ണുനാഥ്

ബംഗളൂരു: രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വൈകാൻ കാരണം സ്ഥാനാർഥി നിർണയത്തിന്‍റെ തർക്കങ്ങളല്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ. മൂന്നാം സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ ശേഷം രാഹുൽ കോലാർ സന്ദർശിക്കും. കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്‍റെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതാണ്. വോട്ടിങ് ശതമാനവും സീറ്റുകളുടെ എണ്ണവും ഉയർത്തുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

200 യൂണിറ്റ് സൗജന്യ വൈദ്യുതി, പ്രതിമാസം ഗൃഹനാഥയുടെ അക്കൗണ്ടിൽ 2000 രൂപ നിക്ഷേപിക്കും, 10 കിലോ അരി, തൊഴിൽ രഹിതരായ ഡിഗ്രി കഴിഞ്ഞ ചെറുപ്പക്കാർക്ക് 3000 രൂപയും ഡിപ്ലോമ കഴിഞ്ഞവർക്ക് 1,500 രൂപയും (രണ്ട് വർഷത്തേക്ക്) എന്നീ പദ്ധതികൾ കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. 2013ലെ സിദ്ധരാമയ്യ സർക്കാർ വാഗ്ദാനങ്ങൾ പൂർണമായും പാലിച്ചതാണെന്നും പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.

കോൺഗ്രസ് അധികാരത്തിലേറുമെന്ന ഉറപ്പുള്ളതിനാലാണ് സ്ഥാനാർഥികളാകാൻ കൂടുതൽ നേതാക്കൾ താൽപര്യം പ്രകടിപ്പിക്കുന്നതെന്ന് റോജി എം. ജോൺ എം.എൽ.എ പ്രതികരിച്ചു. സിദ്ധരാമയ്യ വരുണ സീറ്റിൽ മത്സരിക്കുന്നതോടെ മൈസൂരു മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു. കർണാടകയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരാണ് പി.സി വിഷ്ണുനാഥും റോജി എം. ജോണും.

രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം ഏപ്രിൽ 16ലേക്കാണ് മാറ്റിയത്. ഇത് മൂന്നാം തവണയാണ് പരിപാടി മാറ്റുന്നത്. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് വഴിവെച്ച പ്രസംഗം രാഹുൽ ഗാന്ധി നടത്തിയത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് കോലാറിലായിരുന്നു. ഇതേ കോലാറിൽ അയോഗ്യനാക്കപ്പെട്ടതിനു ശേഷം എത്തി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് രാഹുൽ തുടക്കമിടുമെന്നാണ് പാർട്ടി അറിയിച്ചത്.

ആദ്യം ഏപ്രിൽ അഞ്ചിനും പിന്നീട് ഏപ്രിൽ ഒമ്പതിലേക്കുമായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് വീണ്ടും ഏപ്രിൽ 16ലേക്ക് മാറ്റുകയായിരുന്നു. കോലാറിൽ നടക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന ജയ്ഭാരത് യാത്ര രാഹുൽ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

Tags:    
News Summary - The reason why Rahul Gandhi's visit to Kolar was delayed is not because of the candidate dispute - PC Vishnunath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.