മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്ത് സമ്മേളനമാണെന്ന് മെഡിക്കൽ പാഠപുസ്തകത്തിൽ നൽകിയ തെറ്റായ വിവരം നീക്കി പ്രസാധകർ മാപ്പു പറഞ്ഞു. എം.ബി.ബി.എസ് വിദ്യാർഥികൾക്കുവേണ്ടി ഡൽഹിയിലെ െജയ്പി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എസൻഷ്യൽസ് ഒാഫ് മെഡിക്കൽ മൈക്രോബയോളജി എന്ന പുസ്തകത്തിലാണ് വിദ്വേഷ പരാമർശങ്ങളുണ്ടായിരുന്നത്.
ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സ്റ്റുഡൻസ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) മഹാരാഷ്ട്ര ഘടകം കോവിഡ് വ്യാപനത്തിെൻറ കാരണം പ്രസ്തുത സമ്മേളനമാണെന്ന് സ്ഥാപിക്കുന്ന ഒരു സാംക്രമികരോഗശാസ്ത്ര പഠനം പോലും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഖേദം പ്രകടിപ്പിച്ച രചയിതാക്കളായ ഡോ. അപുർബ എസ്. ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവർ പുസ്തകത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഉറപ്പുനൽകി.
കഴിഞ്ഞവർഷം മാർച്ചിൽ ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുസ്ലിംകൾക്കും തബ്ലീഗിനുമെതിരെ രാജ്യത്ത് വ്യാപക വിദ്വേഷപ്രചാരണം നടന്നിരുന്നു. തബ്‌ലീഗ് നേതാക്കൾക്കെതിരെ മാധ്യമവിചാരണയും പൊലീസ് കേസുകളുമുണ്ടായി. എന്നാൽ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പിന്നീട് കോടതികൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.