റായ്പുർ/ഐസോൾ: അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മിസോറമിലും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്. പരസ്യപ്രചാരണം ഞായറാഴ്ചയും നിശബ്ദ പ്രചാരണം ഇന്നും അവസാനിച്ചു.
40 സീറ്റുകളുള്ള മിസോറമിൽ 4.3 ലക്ഷം സ്ത്രീകൾ ഉൾപ്പെടെ 8.57 ലക്ഷത്തിലധികം വോട്ടർമാരാണ് വിധി എഴുതുന്നത്. ത്രികോണ മത്സരം നടക്കുന്ന മിസോറമിൽ 16 വനിതകളടക്കം 174 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്), പ്രതിപക്ഷമായ സോറം പീപ്ൾസ് മൂവ്മെന്റ് (ഇസഡ്.പി.എം), കോൺഗ്രസ് എന്നീ കക്ഷികൾ മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബി.ജെ.പി 23 മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി നാലിടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കൂടാതെ 27 സ്വതന്ത്രരും ജനവിധി തേടുന്നു. 1,276 വോട്ടിങ് കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയത്.
അതേസമയം, മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ഉൾപ്പെടെ 2059 പേർ ഹോം വോട്ടിങ്ങിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി മിസോറം അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ എച്ച്. ലിയാൻസെല അറിയിച്ചു. 8526 സർക്കാർ ഉദ്യോഗസ്ഥർ തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്തു. ഏറ്റവും കൂടുതൽ പേർ ഹോം, പോസ്റ്റൽ വോട്ട് ചെയ്തത് ഐസോൾ ജില്ലയിലാണ്; 2534 പേർ.
ഛത്തിസ്ഗഢിൽ നക്സൽ ബാധിത പ്രദേശമായ ബസ്തർ ഡിവിഷനിലെ ഏഴെണ്ണം ഉൾപ്പെടെ 11 ജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 25 വനിതകൾ ഉൾപ്പെടെ 223 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 40,78,681 പേരാണ് ആദ്യഘട്ടത്തിൽ സമ്മതിദാനം വിനിയോഗിക്കുക. ഭരണകക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും എം.പിയുമായ ദീപക് ബൈജ്, മന്ത്രിമാരായ കവാസി ലഖ്മ, മോഹൻ മർകം, മുഹമ്മദ് അക്ബർ, ചവീന്ദ്ര കർമ, ബി.ജെ.പി നേതാക്കളായ മുൻ മുഖ്യമന്ത്രി രമൺ സിങ്, മുൻ മന്ത്രിമാരായ കേദാർ കശ്യപ്, ലത ഉസെന്ദി, വിക്രം ഉസെന്ദി, മഹേഷ് ഗഗ്ദ എന്നിവരാണ് എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
മൊഹ്ല-മാൻപുർ, അന്തഗഢ്, ഭാനുപ്രതാപപുർ, കാങ്കർ, കേശകാൽ, കൊണ്ടഗാവ്, നാരായൺപുർ, ദന്തേവാഡ, ബിജാപുർ, കോണ്ട മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെയും മറ്റിടങ്ങളിൽ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെയുമാണ് വോട്ടെടുപ്പ്. വോട്ടിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും എത്തിക്കാൻ ഹെലികോപ്ടർ ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. 5304 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്.
കഴിഞ്ഞ ദിവസം ബി.ജെ.പി നാരായൺപുർ ജില്ല വൈസ് പ്രസിഡന്റ് രത്തൻ ദുബെയെ മാവോവാദികൾ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.