ഇംഫാൽ: കലാപകലുഷിതമായിരുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. 24 മണിക്കൂറിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, 11 ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിൽ ഇളവു വരുത്തി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നീ ജില്ലകളിൽ ഉൾപ്പെടെ പുലർച്ച അഞ്ചു മുതൽ നാലു മണിക്കൂറാണ് കർഫ്യൂ ഇളവ് നൽകിയത്. കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റ് ജില്ലയിലും മറ്റു പ്രദേശങ്ങളിലും മൂന്നു മണിക്കൂർ കർഫ്യൂ ഇളവു വരുത്തിയിരുന്നു.
കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടതായും 231 പേർക്ക് പരിക്കേറ്റതായും 1700ഓളം വീടുകളും ആരാധനാലയങ്ങളും കത്തിച്ചതായും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വ്യക്തമാക്കിയിരുന്നു. മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകാൻ ഹൈകോടതി നിർദേശിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കഴിഞ്ഞ ബുധനാഴ്ച മുതൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്.
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപയും സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിൽ വീട് തകർന്നവർക്ക് രണ്ടു ലക്ഷം രൂപ നൽകും. വീടുകൾ സർക്കാർ പുനർനിർമിക്കും. അക്രമങ്ങൾ രൂക്ഷമായതിനെ തുടർന്ന് പലായനം ചെയ്ത 20,000 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷസേനയുടെ 1,041 തോക്കുകൾ കൊള്ളയടിച്ചതായും ഇതിൽ 214 എണ്ണം കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.