ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ പ്രതിയാക്കി പൊലീസ് യു.എ.പി.എ ചുമത്തിയ പിഞ്ച്റ തോഡ് പ്രവർത്തക ഗുൽഫിഷ ഫാത്തിമയുടെ ആർട്ടിക്ക്ൾ-32 പ്രകാരമുള്ള ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം, ഫാത്തിമയുടെ ജാമ്യാപേക്ഷ അടുത്ത വാദം കേൾക്കുന്ന തീയതിയിൽ പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി ഹൈകോടതിയോട് ആവശ്യപ്പെട്ടു. വടക്കു കിഴക്കൻ ഡൽഹിയിൽ ശാഹീൻബാഗ് മാതൃകയിൽ പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിനാണ് ഗുൽഫിഷ ഫാത്തിമക്കെതിരെ കേസെടുത്തത്.
2020 ഏപ്രിൽ 11ന് ഡൽഹി പൊലീസ് അവരെ അറസ്റ്റ് ചെയ്തു. അന്നുമുതൽ അവർ ജയിലിലാണ്. ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് നേതാവ് ഖാലിദ് സെയ്ഫി, കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത്ത് ജഹാൻ, ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ എന്നിവർക്കൊപ്പം ഫാത്തിമക്കും കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ആർ.ജെ.ഡി യുവജന വിഭാഗത്തിലെ മീരാൻ ഹൈദർ, പിഞ്ച്റ തോഡ് പ്രവർത്തകരായ സഫൂറ സർഗാർ, നടാഷ നർവാൾ, ദേവാംഗന കലിത, തസ്‍ലിം അഹമ്മദ് എന്നിവരും അറസ്റ്റിലായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമവും (യു.എ.പി.എ) അവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ഫാത്തിമ സമർപ്പിച്ച അപ്പീലിൽ ഡൽഹി ഹൈകോടതി 2022 മേയിൽ ഡൽഹി സർക്കാരിന് നോട്ടീസ് അയച്ചു.
എന്നാൽ, പിന്നീട് ഇതുവരെ തീരുമാനമായിട്ടില്ല. തുടർന്ന് ആർട്ടിക്കിൾ 32 പ്രകാരമുള്ള റിട്ട് ഹരജിയിലൂടെ ഫാത്തിമ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുത്തിട്ടില്ലെന്നും വിചാരണ പുരോഗമിച്ചിട്ടില്ലെന്നും ഫാത്തിമയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.