ന്യൂഡൽഹി: സർക്കാർ രണ്ടു വർഷമായി പുറത്തുവിടാത്ത പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് ഈ മാസം 10നു മുമ്പ് ഹരജിക്കാരനായ ജയചന്ദ്രൻ കല്ലിങ്കലിനു നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. അതിനു കഴിയില്ലെങ്കിൽ 10ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. റിപ്പോർട്ട് വെളിച്ചം കാണാൻ ഇതോടെ വഴിതെളിഞ്ഞു.
കേസ് പരിഗണനയിലിരിക്കുമ്പോൾ പുനഃപരിശോധന റിപ്പോർട്ട് പഠിക്കാൻ മന്ത്രിതല സമിതി രൂപവത്കരിച്ചതിനോട് സുപ്രീംകോടതി വിയോജിച്ചു. കോടതി നടപടികൾ സർക്കാർ ലാഘവത്തോടെ എടുക്കരുത്. മന്ത്രിസഭ രേഖകളുടെ പരിധിയിൽ വരുന്നു എന്ന കാരണം പറഞ്ഞ് റിപ്പോർട്ട് അനിശ്ചിതകാലം രഹസ്യമായി വെക്കാൻ പാടില്ല.
ഖജനാവിൽ നിന്ന് പണം ചെലവിട്ടു തയാറാക്കിയ റിപ്പോർട്ട് പൊതുരേഖയാണെന്ന് ജയചന്ദ്രൻ കല്ലിങ്കലിനു വേണ്ടി സീനിയർ അഭിഭാഷകൻ രഞ്ജിത് തമ്പാൻ വാദിച്ചു. സി.പി.ഐ അനുകൂല സംഘടനയായ ജോയന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറിയാണ് ജയചന്ദ്രൻ. റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
റിപ്പോർട്ടിൽ ഇനിയും തീരുമാനമെടുക്കാതെ സുപ്രീംകോടതി നടപടികളെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന സംശയം കോടതി പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം തേടുകയാണ് ചെയ്തത്. അതിനു ശേഷം മന്ത്രിതല സമിതി രൂപവത്കരിച്ചത് അനുചിതമാണെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.