ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നുണ്ടെങ്കിൽ അത് നിർഭാഗ്യകരമാണെന്ന് സുപ്രീംകോടതി. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ജൂലൈ 11ന് തന്നെ പരിഗണിക്കാമെന്നും അവധിക്കാല ബെഞ്ചിന്‍റെ അധ്യക്ഷനായ ജസ്റ്റിസ് സൂര്യകാന്ത് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസിനെ അറിയിച്ചു.
രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഹരജിക്കാർക്ക് വേണ്ടി ഹാജരായ കോളിൻ ഗോൺസാൽവസ് വിശദീകരിച്ചു. ഓരോ മാസവും ശരാശരി 45നും 50നുമിടയിൽ ആക്രമണങ്ങൾ ക്രിസ്ത്യൻ ചർച്ചുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ നടക്കുന്നുണ്ട്. മെയ് മാസത്തിൽ മാത്രം രാജ്യത്ത് ക്രിസ്ത്യാനികൾക്ക് നേരെ 57 ആക്രമണങ്ങൾ നടന്നു. ജൂണിലും ഇത് തുടർന്നു കൊണ്ടിരിക്കുകയാണ്.
ആൾക്കൂട്ട ആക്രമണം തടയാൻ സുപ്രീംകോതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവും തടയാൻ കഴിയും. ഇത്തരം ആക്രമണങ്ങൾ തടയാൻ ഓരോ ജില്ലയിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്. അത് നടപ്പാക്കാത്തത് മൂലം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു വരുന്നത് കൊണ്ടാണ് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹരജി പരിഗണിച്ചിക്കാതെ സുപ്രീംകോടതി അവധിക്ക് അടച്ചു. അതിന് ശേഷം ജൂണിലും ആക്രമണം ആവർത്തിക്കുകയാണെന്നും കോളിൻ ബോധിപ്പിച്ചു.
'നിങ്ങളീ പറയുന്നത് സംഭവിക്കുന്നുണ്ടെങ്കിൽ നിർഭാഗ്യകരമാണ്' എന്ന് പ്രതികരിച്ച ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി അവധി കഴിഞ്ഞ് ജൂലൈ 11ന് തുറക്കുമ്പോൾ തന്നെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.