ന്യൂഡൽഹി: പാർലമെന്റിന്റെ നടുത്തളത്തിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ നാലു കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തത് പാർലമെന്റിന്റെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും സ്തംഭനാവസ്ഥക്കും ആക്കംകൂട്ടി. വഴങ്ങാത്ത പ്രതിപക്ഷം വരുംദിവസങ്ങളിൽ കൂടുതൽ സമരാവേശം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.

ഭരണപക്ഷമാകട്ടെ, വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലും.ബി.ജെ.പി പ്രതിപക്ഷത്തിരുന്ന കാലത്തും പ്ലക്കാർഡുയർത്തിയുള്ള പ്രതിഷേധങ്ങൾ പാർലമെന്റിൽ പതിവാണ്. എന്നാൽ, ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിക്കാതെ പ്രതിപക്ഷ എം.പിമാരെ അച്ചടക്കം പഠിപ്പിക്കുന്ന ശൈലിയാണ് ഇപ്പോൾ ബി.ജെ.പി പുറത്തെടുത്തിരിക്കുന്നത്. ചട്ടം 374 പ്രകാരം നാല് എം.പിമാരെ സസ്പെൻഡ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചത് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ്.

പാചകവാതകവില 1053 രൂപയിൽ എത്തിയതടക്കമുള്ള വിലക്കയറ്റ വിഷയങ്ങളാണ് പ്രതിപക്ഷം പാർലമെന്റിൽ ഉയർത്താൻ ശ്രമിക്കുന്നത്. ചർച്ചക്ക് അവസരം നൽകാതെ സർക്കാർ ഒളിച്ചോടുന്നുവെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. മഴക്കാല സമ്മേളനം തുടങ്ങിയതു മുതൽ പല ദിവസങ്ങളായി പാർലമെന്റ് സ്തംഭനം തുടരുന്നതിനിടയിലാണ് സസ്പെൻഷന്റെ വഴി സർക്കാർ തിരഞ്ഞെടുത്തത്. പ്ലക്കാർഡ് ഉയർത്തിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്യുന്നത് പതിവുവിട്ട അച്ചടക്ക നടപടിയാണ്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചൊവ്വാഴ്ച വീണ്ടും ചോദ്യംചെയ്യാൻ പോകുന്നതും സർക്കാറുമായുള്ള കോൺഗ്രസിന്റെ ഏറ്റുമുട്ടലിന് ആക്കംകൂട്ടും. സർക്കാറിന് ഇഷ്ടമുള്ളതു മാത്രം പാർലമെന്റിൽ പറയുകയല്ല പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമെന്നും ഭൂരിപക്ഷത്തിന്റെ പേരിൽ അഹങ്കാരം കാട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാൻ സ്പീക്കർക്ക് കത്ത്

ന്യൂഡല്‍ഹി: ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ നാലു കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.കെ. രാഘവന്‍ എം.പി ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചരിത്രത്തിലാദ്യമായി അരി ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതിലൂടെ ഉണ്ടായ വില വര്‍ധന സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകളാണ് കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ ഉന്നയിച്ചത്. വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍പോലും സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് എം.കെ. രാഘവന്‍ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെ സസ്‌പെന്‍ഷന്‍ കാട്ടി ഭീഷണിപ്പെടുത്താനാവില്ല. അന്യായ സസ്‌പെന്‍ഷന്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം.കെ. രാഘവന്‍ വ്യക്തമാക്കി.

പാർലമെന്റിൽ സർക്കാറിന്റെ ഒളിച്ചോട്ടം -വേണുഗോപാൽ

ന്യൂഡൽഹി: രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന സങ്കീർണമായ വിഷയങ്ങൾ ഒന്നും ചർച്ച ചെയ്യാതെ, പ്രതിഷേധിക്കുന്ന അംഗങ്ങളെപ്പോലും സസ്പെൻഡ് ചെയ്‌ത്‌ ഒളിച്ചോടാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭയിലും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.

നാല് കോൺഗ്രസ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാചകവാതക വിലക്കയറ്റം, അവശ്യ വസ്തുക്കളുടെമേലുള്ള അധിക ജി.എസ്.ടി എന്നിവ മൂലം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ദുരിതത്തിലാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയതുമുതൽ ഈ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ എല്ലാ ദിവസവും സഭക്കകത്തും പുറത്തും സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന സർക്കാർ നടപടികൾക്കെതിരെ സമാധാനമായി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിനു ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തി തടയിടാനും കേന്ദ്രസർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്തിയും പ്രതിഷേധിക്കുന്നവരെ പുറത്താക്കിയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ കവർന്നെടുത്തും തികഞ്ഞ ഫാഷിസ്റ്റ് മനോഭാവമാണ് മോദി സർക്കാർ പുറത്തെടുക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.  

Tags:    
News Summary - The suspension fueled the clash in the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.