ഗസ്സ: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രണ്ടുദിവസമായി തുടരുന്ന പരിശോധനക്കും ചോദ്യംചെയ്യലിനുമൊടുവിലും, അൽ ശിഫ ആശുപത്രിയിൽ ഹമാസിനുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രം കണ്ടെത്താൻ കഴിയാതിരുന്നതോടെ അതിക്രമം കടുപ്പിച്ച് ഇസ്രായേൽ സേന. കണ്ണിൽ കണ്ടവരെയെല്ലാം പിടികൂടി മർദിച്ചും വെടിയുതിർത്ത് കുടിവെള്ള പൈപ്പുകളടക്കം തകർത്തും ഓപറേഷൻ തിയറ്ററുകളടക്കം വളഞ്ഞും ഇസ്രായേൽ ക്രൂരത തുടരുകയാണ്.
സൈനിക ടാങ്കുകൾക്ക് പ്രവേശനമൊരുക്കാൻ ബുൾഡോസറുകൾ ഉപയോഗിച്ച് ആശുപത്രി ചുമരുകൾ തകർത്തു. ആശുപത്രി പരിസരത്താകെ പരിശോധന നടത്തി മൃതദേഹങ്ങൾ സേന എടുത്തുമാറ്റിയതായും അൽ ശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. 650 രോഗികളാണ് ഇപ്പോൾ അൽശിഫയിലുള്ളത്.
45 ഡയാലിസിസ് രോഗികളും 36 നവജാത ശിശുക്കളും ഇതിൽപ്പെടും. ഒരു കിഡ്നി രോഗി മരിച്ചതായും നാലുപേർ അത്യാസന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5000 അഭയാർഥികളും 500 ജീവനക്കാരുമടക്കം ആയിരങ്ങളുടെ ജീവൻ അപകടത്തിലാണ്. ആശുപത്രിയുമായുള്ള എല്ലാ വാർത്താവിനിമയ ബന്ധവും നിലച്ചു. ഗസ്സയിലെ ഇന്റർനെറ്റ് സംവിധാനം തടസ്സപ്പെട്ടതായി ടെലികമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
ആശുപത്രിയുടെ എം.ആർ.ഐ മുറിയിൽനിന്ന് പിടിച്ചെടുത്ത ബാഗിൽ ആയുധങ്ങളും ഹമാസ് യൂനിഫോമും കണ്ടെടുത്തുവെന്ന് ഇസ്രായേൽ സേന അവകാശപ്പെട്ടു. എന്നാൽ, ഇത് സൈന്യം തന്നെ കാർഡ്ബോർഡിൽ കൊണ്ടുവന്ന് വെച്ചതാണെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാൻ ആരോപിച്ചു. ആശുപത്രികളെക്കുറിച്ചുള്ള ആരോപണം തെളിയിക്കാൻ അദ്ദേഹം ഇസ്രായേൽ സേനയെ വെല്ലുവിളിച്ചു. ആരോപണത്തെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര ഏജൻസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കൻ ഗസ്സയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കുമെന്ന സൂചന നൽകി വ്യാഴാഴ്ച സൈന്യം ലഘുലേഖ വിതറി. സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും തകർത്ത് ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം 41ാം ദിവസവും തുടരുകയാണ്.
ഖാൻ യൂനുസിൽ രണ്ട് മസ്ജിദുകൾ കൂടി വ്യാഴാഴ്ച തകർത്തതോടെ നശിപ്പിച്ച മൊത്തം പള്ളികളുടെ എണ്ണം 74 ആയി. മൂന്ന് ക്രിസ്ത്യൻ പള്ളികളും തകർത്തു. 48 മണിക്കൂറിനിടെ 33 സൈനിക വാഹനങ്ങൾ നശിപ്പിച്ചതായി ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
4710 കുട്ടികളും 3160 സ്ത്രീകളും ഉൾപ്പെടെ ഗസ്സയിലെ ആകെ മരണം 11,500 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.