ഇന്ദോർ: ഝാർഖണ്ഡിലെ ദിയോഗഡ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് രണ്ട് ബി.ജെ.പി എം.പിമാർ അതിക്രമിച്ച് കയറിയ സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബി.ജെ.പി എം.പിമാരായ മനോജ് തിവാരിക്കും നിഷികാന്ത് ദുബെക്കുമെതിരെയാണ് കേസെടുത്തത്.
ആഗസ്റ്റ് 31നായിരുന്നു സംഭവം. നിഷികാന്തും മക്കളും മനോജ് തിവാരിയുമടക്കമുള്ളവർ ചാർട്ടേഡ് വിമാനത്തിൽ കയറാനാണെത്തിയത്. എന്നാൽ, പുതുതായി തുടങ്ങിയ വിമാനത്താവളത്തിൽ രാത്രി വിമാന സർവിസില്ല. എയർ ട്രാഫിക് ഉദ്യോഗസ്ഥരെ സമ്മർദം ചെലുത്തി വിമാനം ഡൽഹിയിലേക്ക് പറന്നതാണ് വിവാദമായത്. സൂര്യാസ്തമയത്തിന് അര മണിക്കൂർമുമ്പ് മാത്രമാണ് പറക്കാൻ അനുവാദമുള്ളത്.
6.03ന് സൂര്യൻ അസ്തമിച്ചിട്ടും 6.17ന് വിമാനം നിർബന്ധിച്ച് ടേക്കോഫ് ചെയ്യുകയായിരുന്നു. അതിസുരക്ഷ മേഖലയിൽ കടന്നുകയറിയതിനാണ് കേസെടുത്തത്.
ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്ന് ജില്ല കലക്ടർ മഞ്ജുനാഥ് ബചന്ദ്രി പറഞ്ഞു. വിമാനത്താവള ഡയറക്ടർ അനുമതി നൽകിയിരുന്നതായും കേസ് അനാവശ്യമാണെന്നും നിഷികാന്ത് ദുബെ പറഞ്ഞു. ഝാർഖണ്ഡിലെ ഗോഡയിൽ നിന്നുള്ള എം.പിയാണ് നിഷികാന്ത് ദുബെ. നോർത്ത് ഈസ്റ്റ് ഡൽഹി എം.പിയാണ് മനോജ് തിവാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.