ന്യൂഡൽഹി: 22ാം നിയമ കമീഷന്റെ പ്രവർത്തന കാലാവധി 2024 ആഗസ്റ്റ് 31 വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സങ്കീർണ നിയമ വിഷയങ്ങളിൽ സർക്കാറിന് ഉപദേശം നൽകുകയാണ് നിയമ കമീഷന്റെ ചുമതല.
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കൽ, ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കൽ എന്നിവയുടെ പ്രായോഗികത പഠിച്ച് റിപ്പോർട്ട് നൽകാനുള്ള ചുമതലയും കമീഷനെ ഏല്പിച്ചിട്ടുണ്ടെന്നിരിക്കേ, അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് കമീഷന്റെ പ്രവർത്തന കാലാവധി നീട്ടുന്നതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കമീഷൻ സ്വീകരിക്കുന്ന തുടർ നടപടികൾ ഈ രണ്ട് വിവാദ വിഷയങ്ങളിലെ രാഷ്ട്രീയ ചർച്ച കൊഴുപ്പിക്കാൻ വഴിയൊരുക്കും. അത് രാഷ്ട്രീയമായി പ്രയോജനപ്പെടുന്നത് ബി.ജെ.പിക്കാണ്. മൂന്നു വർഷ കാലാവധി നൽകി 22ാം നിയമ കമീഷൻ രൂപവത്കരിച്ചത് 2020 ഫെബ്രുവരി 21നാണ്.
എന്നാൽ, 2022 നവംബർ ഒമ്പതിനാണ് റിട്ട. ജസ്റ്റിസ് റിതുരാജ് അശ്വതി അധ്യക്ഷസ്ഥാനമേറ്റത്. കമീഷന്റെ പ്രവർത്തന കാലാവധി തീരുന്നതിനൊത്ത് അധ്യക്ഷ കാലാവധിയും അവസാനിക്കും. ചുരുങ്ങിയ സമയമാണ് പ്രവർത്തനത്തിന് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ കാലാവധി നീട്ടൽ.
ഏക സിവിൽ കോഡിനെക്കുറിച്ച് പഠിച്ച് ശിപാർശ നൽകാൻ 21ാം നിയമ കമീഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ, ആ കമീഷന്റെ കാലാവധി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് 2018 ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു അതേസമയം, ഏക സിവിൽകോഡ് വിഷയം 22ാം കമീഷന് ഏറ്റെടുക്കാമെന്ന് നിയമമന്ത്രി കിരൺ റിജിജു നേരത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
ഏക സിവിൽ കോഡ് നടപ്പാക്കുന്ന കാര്യം പഠിക്കാൻ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, ഉത്തരഖണ്ഡ് സംസ്ഥാനങ്ങൾ പ്രത്യേകമായി സമിതി രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ ഇത്തരത്തിൽ സമിതി രൂപവത്കരിച്ച് പ്രത്യേക നീക്കം നടത്തുന്നത് ചോദ്യം ചെയ്ത പൊതുതാൽപര്യ ഹരജി ഈയിടെ സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ ഈ വിഷയം പഠിക്കുന്നതിൽ തെറ്റില്ലെന്ന വിശദീകരണത്തോടെയായിരുന്നു ഇത്.
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന മോദി സർക്കാറിന്റെ മുദ്രാവാക്യം മുൻനിർത്തി ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേ സമയത്ത് നടപ്പാക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ, തെരഞ്ഞെടുപ്പു കമീഷൻ തുടങ്ങി ബന്ധപ്പെട്ടവരുടെ അഭിപ്രായം ഈയിടെ കമീഷൻ തേടിയിരുന്നു. കഴിഞ്ഞ കമീഷൻ മുന്നോട്ടുവെച്ച ആറു ചോദ്യങ്ങൾ മുൻനിർത്തിയായിരുന്നു വീണ്ടും അഭിപ്രായം ആരാഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.