സുൽത്താൻപുർ: മനേക ഗാന്ധി മത്സരിക്കുന്ന ഉത്തർപ്രദേശിലെ സുൽത്താൻപുരിൽ ഇക്കുറി താര പ്രചാരകർ നന്നേ കുറവ്. മണ്ഡലത്തിൽ മത്സരിക്കുന്ന ബി.എസ്.പിയും എസ്.പിയും വലിയ താരപ്രചാരകരെ ഇവിടെ ഇറക്കിയില്ല എന്നതും ശ്രദ്ധേയമാണ്. നാളെ പോളിങ്ബൂത്തിലേക്ക് പോകുന്ന മണ്ഡലത്തിൽ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ആകെ എത്തിയത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ബുധനാഴ്ച മണ്ഡലത്തിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം മടങ്ങുകയും ചെയ്തു. അപൂർവം ദിവസങ്ങളിൽ മകൻ വരുൺ ഗാന്ധി പ്രചാരണ പരിപാടിക്കെത്തി. റായ്ബറേലിയിലും അമേത്തിയിലുമായി പ്രചാരണം കേന്ദ്രീകരിച്ച രാഹുലും പ്രിയങ്കയും ഒരിക്കൽപോലും സുൽത്താൻപുരിൽ വന്നില്ല. ഒരുതവണ മാത്രം മണ്ഡലം സന്ദർശിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവും മടങ്ങി.
പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പിയുമായി വരുൺ ഗാന്ധി ഉടക്കിയിരുന്നു. പ്രചാരണത്തിന്റെ തുടക്കത്തിൽ വരുണിന്റെ പല പ്രസ്താവനകളും ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് മനേകയുടെ മണ്ഡലത്തിൽ ബി.ജെ.പി കാര്യമായ ശ്രദ്ധചെലുത്താത്തതെന്ന് പാർട്ടിവൃത്തങ്ങൾക്കിടയിൽതന്നെ വിമർശനമുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്നും മണ്ഡലം നിലനിർത്തുമെന്ന് ഉറപ്പുള്ളതിനാലുമാണ് തണുത്ത പ്രചാരണമെന്നാണ് മനേക പറഞ്ഞത്.
2014ൽ, വരുൺ ഗാന്ധി 1.78 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് സുൽത്താൻപുർ. 2019ൽ, അദ്ദേഹം പിലിബിത്തിലേക്ക് മാറിയതോടെ ടിക്കറ്റ് മനേകക്ക് ലഭിച്ചു. എന്നാൽ, ഭൂരിപക്ഷം പതിനയ്യായിരത്തിനും താഴെയായി. കഴിഞ്ഞതവണ ഇവിടെ എസ്.പി മത്സരിച്ചിരുന്നില്ല. കോൺഗ്രസും ബി.എസ്.പിയുമായിരുന്നു ബി.ജെ.പി ഇതര കക്ഷികൾ. കോൺഗ്രസ് അരലക്ഷത്തിൽ താഴെ വോട്ട് നേടിയപ്പോൾ ബി.എസ്.പിയുടെ വോട്ടുനില നാല് ലക്ഷം കടന്ന് രണ്ടാം സ്ഥാനത്തെത്തി. 2014ൽ, ബി.ജെ.പിയും എസ്.പിയും കോൺഗ്രസും ബി.എസ്.പിയും പ്രത്യേകം മത്സരിച്ചപ്പോൾ, മോദി തരംഗത്തിലും വരുണിന് ലഭിച്ചത് 4.10 ലക്ഷം വോട്ടുകളാണ്. രണ്ടേകാൽ ലക്ഷം വീതം വോട്ടുകൾ നേടി ബി.എസ്.പിയും എസ്.പിയും ഒപ്പത്തിനൊപ്പം യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസിന് 41,000 വോട്ടുകൾ കിട്ടി. അഥവാ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതായിരുന്നു 2014ൽ, വരുണിന്റെ വിജയത്തിന് പിന്നിൽ. 2019ൽ, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭാഗികമായി ഏകീകരിച്ചപ്പോൾ ഭൂരിപക്ഷം നന്നേ ചുരുങ്ങുകയുംചെയ്തു. ഈ കണക്കുകളിലാണ് ‘ഇൻഡ്യ’ മുന്നണിയുടെ പ്രതീക്ഷ. എന്നാൽ, ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമങ്ങൾ ഇൻഡ്യ മുന്നണി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.