തുടർഭരണത്തിന്റെ പ്രത്യാശയുമായി രാജസ്ഥാനിൽ ഉടനീളം ഗാരന്റി വണ്ടികൾ ഓടിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പുതിയ വാഗ്ദാനങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് ജില്ലകൾ തോറും വെവ്വേറെ വണ്ടികൾ കാഹളം മുഴക്കുന്നത്. എന്നാൽ, വീണ്ടും സീറ്റ് നൽകിയിരിക്കുന്ന സിറ്റിങ് എം.എൽ.എമാരെയെല്ലാം ജയിപ്പിച്ചെടുക്കാമെന്ന ഗാരന്റിയായിട്ടില്ല.
സചിൻ പൈലറ്റിനെ ഒതുക്കാനുള്ള പോരാട്ടത്തിൽ ഒപ്പം നിന്നവർക്കെല്ലാം വീണ്ടും സീറ്റ് നൽകണമെന്ന ഗെഹ്ലോട്ടിന്റെ നിർബന്ധബുദ്ധിക്ക് കോൺഗ്രസ് വിലകൊടുക്കേണ്ടി വരുമോ? പ്രചാരണം മുന്നോട്ടു പോകുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ അത്തരമൊരു ആശങ്ക ഉയരുന്നു. ഭരണവിരുദ്ധ വികാരം കുറഞ്ഞിട്ടുണ്ടെന്ന് അളക്കുമ്പോൾ തന്നെ, നിരവധി സിറ്റിങ് എം.എൽ.എമാർ അതാതു മണ്ഡലങ്ങളിൽ അമർഷം നേരിടുന്നുണ്ട്.
കാണിച്ച കൂറിന് പ്രതിഫലമെന്നോണം, ഒപ്പം നിന്നവരെയെല്ലാം അവരുടെ മണ്ഡലങ്ങളിലെ സർവാധികാര്യക്കാരാക്കി വാഴിക്കുകയാണ് ഗെഹ്ലോട്ട് ചെയ്തത്. ഭരണ ദുരുപയോഗം ആരോപിക്കപ്പെടുന്ന അവരിൽ പലർക്കും മേൽ പാർട്ടിയുടെ കടിഞ്ഞാൺ ഇല്ലാതായി. മണ്ഡലത്തിന്റെ സമ്പൂർണ നിയന്ത്രണം അവർക്ക് വിട്ടുകൊടുത്തപ്പോൾ ‘ജനക്ഷേമം’ വിട്ട് പാർട്ടിയും ഭരണവും ‘കുടുംബക്ഷേമ’ത്തിനായി പലരും ദുരുപയോഗിച്ചത് തെരഞ്ഞെടുപ്പു വേളയിൽ പാർട്ടിയെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
അത്തരക്കാരുടെ ജയപരാജയ സാധ്യത കൃത്യമായി തൂക്കിനോക്കാതെ നിർബന്ധപൂർവം സീറ്റ് വീണ്ടും കൊടുത്തിട്ടുണ്ട്. ബി.എസ്.പിയിൽനിന്ന് എത്തിയവർ അടക്കം 106 സിറ്റിങ് എം.എൽ.എമാരുള്ളിൽ 69 പേരും വീണ്ടും മത്സരിക്കുന്നുണ്ട്. വെട്ടിയ പേരുകൾ മിക്കതും സചിൻ പൈലറ്റുമായി ചേർന്നുനിന്നവരുടേതാണ്. 20 സീറ്റിലെങ്കിലും റെബൽ സ്ഥാനാർഥികളുണ്ട്.
ഗെഹ്ലോട്ടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായതൊന്നും നടപ്പാക്കാൻ കഴിയാത്ത സ്ഥിതി രാജസ്ഥാനിൽ കോൺഗ്രസിനുണ്ട്. കർണാടക മോഡലിൽനിന്ന് ഭിന്നമായി തെരഞ്ഞെടുപ്പ് വിദഗ്ധൻ കനഗൊലുവിനൊന്നും റോളില്ല. ഗെഹ്ലോട്ടിന്റെ താൽപര്യപ്രകാരം ചണ്ഡിഗഢിലെ പി.ആർ ഏജൻസിയായ ‘ഡിസൈൻ ബോക്സ്’ ആണ് പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത്.
കൊട്ടനിറയെ പുതിയ പാരിതോഷികങ്ങൾ മുന്നോട്ടുവെച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് ഗെഹ്ലോട്ട് കേന്ദ്രീകരിക്കുന്നത്. എന്നാൽ, നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പലതും പൂർണതോതിൽ നടപ്പാക്കാൻ കഴിയാതിരിക്കേ, പുതിയ വാഗ്ദാനങ്ങളെ ‘ഓവർഡോസ്’ എന്ന് വിലയിരുത്തുന്നവർ ഏറെ.
19 പുതിയ ജില്ലകൾ പ്രഖ്യാപിച്ചതു മുതൽ സ്ത്രീകൾക്കുള്ള മൊബൈൽ വിതരണം വരെയുള്ളവയുടെ കഥ ചികഞ്ഞാൽ, നടപ്പാക്കൽ പാതി വഴിയിലാണ്. അത് പുതിയ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചേക്കാം.
പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും ഒരുമ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെട്ടു നിൽക്കുകയാണ് ഗെഹ്ലോട്ടും സചിൻ പൈലറ്റും. കഴിഞ്ഞ ദിവസം അടിയന്തരമായി കോൺഗ്രസിന്റെ ‘വാർ റൂമി’ൽ വിളിച്ചുകൂട്ടിയ നേതൃയോഗം, ഇരുവരും ഒരു വേദിയിൽ ഒന്നിച്ചുവരുന്നതിന് പ്രത്യേക ക്രമീകരണം വേണമെന്ന് നിശ്ചയിച്ചാണ് പിരിഞ്ഞത്.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ ദേശീയ നേതാക്കൾ പങ്കെടുത്ത പരിപാടികളിൽ ഒഴികെ, സചിനും ഗെഹ്ലോട്ടും ഒന്നിച്ചു നിന്ന് ഐക്യം പ്രദർശിപ്പിച്ചിട്ടില്ല. രണ്ടു പേരും രണ്ടു വഴിക്കാണ്. രാജസ്ഥാൻ പ്രചാരണത്തിൽ കേന്ദ്രീകരിക്കേണ്ട സചിൻ പൈലറ്റിന് കഴിഞ്ഞ ദിവസങ്ങളിൽ മധ്യപ്രദേശിലായിരുന്നു ഡ്യൂട്ടി. ഗെഹ്ലോട്ട് എവിടെയും പോകുന്നില്ലെന്നു മാത്രമല്ല, സചിനെ തഴയുന്നത് പാർട്ടി പോസ്റ്ററുകളിൽനിന്നുപോലും വായിച്ചെടുക്കാനാവും.
എവിടെയും ഗെഹ്ലോട്ട് ഷോ. ഇതിനെല്ലാമിടയിൽ സചിൻ പൈലറ്റ് ഉൾപ്പെടുന്ന ഗുജ്ജർ വിഭാഗം നീരസത്തിലാണ്. സചിൻ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജ്ജർ മേഖലകളിൽ കോൺഗ്രസിനുണ്ടായ ഗംഭീര വിജയം ഇത്തവണ ആവർത്തിക്കുമോ എന്ന സന്ദേഹം നേതാക്കൾക്കിടയിൽതന്നെയുണ്ട്.
ചില മേഖലകളിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ അടക്കം കുറ്റകൃത്യങ്ങൾ വർധിച്ചതിന് വ്യക്തമായ കണക്കുകളുണ്ട്. അത് ബി.ജെ.പി പെരുപ്പിച്ചു കാട്ടുകകൂടി ചെയ്യുമ്പോൾ തെരഞ്ഞെടുപ്പു ഗോദയിൽ പ്രതിരോധിക്കാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഗെഹ്ലോട്ട് പ്രയാസപ്പെടുന്നുണ്ട്. ആഭ്യന്തരവും ധനകാര്യവുമെല്ലാം മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്തതിന്റെ ‘നോട്ടക്കുറവ്’ ഭരണതലത്തിൽ ആരോപിക്കപ്പെടുന്നു.
പി.എസ്.സി ചോദ്യപേപ്പർ ചോർച്ച യുവാക്കൾക്കിടയിൽ കടുത്ത അമർഷം ഉണ്ടാക്കിയ വിഷയമാണ്. ഇത്തരം കാതലായ വിഷയങ്ങൾക്കിടയിൽ രണ്ടാമൂഴത്തിലേക്ക് നടക്കാൻ ഇനിയുമേറെ ദൂരം ബാക്കിയുണ്ട്. തുടർഭരണം അസാധ്യമായ ഒന്നല്ല എന്ന കാഴ്ചപ്പാട് ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ടെങ്കിൽ, പഴുതടച്ച് മുന്നോട്ടുനീങ്ങണ്ടേത് പ്രചാരണത്തിന് ഇനി ബാക്കിയുള്ള ഒരാഴ്ച കൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.