ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലില്‍ കഴിയുന്ന ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈകോടതി ബഞ്ചിൽനിന്ന് ജസ്റ്റിസ് അമിത് ശർമ പിന്മാറി. ജസ്റ്റിസുമാരായ അമിത് ശർമ, പ്രതിഭ എം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കേണ്ടിയിരുന്നത്. ജാമ്യം നല്കാന് വിസമ്മതിച്ച വിചാരണകോടതിയുടെ ഉത്തരവിനെതിരെയായിരുന്നു ഹരജി. മറ്റൊരു ബെഞ്ച് ജൂലൈ 24ന് ഹരജി വീണ്ടും പരിഗണിക്കും. നേരത്തേ ശർജീൽ ഇമാം, മീരാൻ ഹൈദർ എന്നിവരുടെ ജാമ്യഹരജികൾ കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് അമിത് ശർമ പിന്മാറിയിരുന്നു.
സ്ഥിരം ജാമ്യം തേടി 2022 മാര്‍ച്ചിൽ ഉമര്‍ ഖാലിദ് നൽകിയ ഹരജി വിചാരണ കോടതി തള്ളിയിരുന്നു. മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളി. തുടർന്ന് ഹൈകോടതിയിലെത്തിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. 2023 മേയിൽ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ 11 തവണയാണ് മാറ്റിവെച്ചത്.
2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.