ന്യൂഡൽഹി: ‘മി ടൂ’ കാമ്പയിനിൽ ആരോപണ വിധേയനായ കേന്ദ്ര വിദേശ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം.ജെ. അക്ബറിനെതിരെ അേന്വഷണം ആവശ്യമാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി.
‘വിഷയത്തിൽ അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷൻമാർ പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിെല മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി എല്ലായിടങ്ങളിലും ഇൗ പീഡനം നിലനിൽക്കുന്നു. ഇപ്പോൾ സ്ത്രീകൾ അത് തുറന്നു പറയാൻ തയാറായിട്ടുണ്ട്. നാം അത് ഗൗരവമായി എടുക്കണം’ - മനേക പറഞ്ഞു.
പരാതി പറഞ്ഞാൽ സമൂഹം തങ്ങളെ കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകൾ. ഇപ്പോൾ അവർ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഒാരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മനേക ആവശ്യപ്പെട്ടു.
എം.ജെ അക്ബറിെനതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ആദ്യ ബി.ജെ.പി നേതാവാണ് മനേക. എന്നാൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.
മുതിർന്ന മാധ്യമ പ്രവർത്തക പ്രിയ രമണിയാണ് എം.ജെ. അക്ബർ തനിക്കെതിരെ ഹോട്ടൽ മുറിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. മുംബൈയിൽ അഭിമുഖത്തിനെന്നു പറഞ്ഞ് തന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് അക്ബർ വിളിച്ചുവെന്നും ഒടുവിൽ രക്ഷപ്പെടുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഇതിനുപിറകെ അക്ബറിനെതിരെ സമാന വെളിപ്പെടുത്തലുമായി മറ്റ് വനിത മാധ്യമ പ്രവർത്തകരും രംഗത്തുവന്നു.
പ്രേരണ സിങ് ബിന്ദ്ര, ഹരീന്ദർ ബവേജ, ഷുമ റാഹ, സുജാത ആനന്ദൻ, തേജസ്വി ഉഡുപ എന്നിവരാണ് സമാന പരാതികളുമായി അക്ബറിനെതിരെ രംഗത്തെത്തിയത്.
പ്രമുഖരുടെ പേര് വെളിപ്പെടുത്തി രാജ്യത്തെ പിടിച്ചുലച്ച കാമ്പയിനാണ് ഒടുവിൽ കേന്ദ്ര മന്ത്രിസഭയിലെ അംഗത്തെയും പിടികൂടിയത്. ‘ദ ടെലിഗ്രാഫ്’ സ്ഥാപക പത്രാധിപരും ‘ഏഷ്യൻ ഏജ്’ സ്ഥാപകനുമാണ് എം.ജെ. അക്ബർ. മാധ്യമപ്രവർത്തകനായിരിക്കെ അദ്ദേഹം നിരവധി വനിത സഹപ്രവർത്തകർക്കു നേരെ നടത്തിയ ലൈംഗിക അതിക്രമങ്ങളാണ് ഇപ്പോൾ ‘മി ടൂ’ കാമ്പയിനിലൂടെ പുറത്തുവരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ അക്ബറിെൻറ ലൈംഗിക അതിക്രമത്തെക്കുറിച്ച് പ്രിയ രമണി ലേഖനമെഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിെൻറ പേര് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശക്തിപ്പെട്ട ‘മി ടൂ’ കാമ്പയിെൻറ ഭാഗമായി ‘താനെഴുതിയ ആൾ അക്ബറാണെ’ന്ന് പ്രിയ ട്വിറ്ററിൽ വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.