ഈ മരണം വേദനയുണ്ടാക്കുന്നു -പ്രധാനമന്ത്രി, രാജ്യത്തിന് നികത്താനാവാത്ത നഷ്ടം -രാഷ്ട്രപതി

ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാക്കുന്നുവെന്നും കുടുംബത്തോടും അദ്ദേഹത്തെ പിന്തുണക്കുന്ന ലക്ഷക്കണക്കിന് ആളുകളോടും അനുശോചനമറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

"മുലായം സിങ് യാദവുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സവിശേഷമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. യു.പിയിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം വേറിട്ട് നിന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന് വേണ്ടി പോരാടിയവരിൽ പ്രധാനിയായിരുന്നു മുലായം സിങ് യാദവ് ജി. എളിമയുള്ള നേതാവെന്ന നിലയിൽ അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. ജനങ്ങളെ കരുതലോടെ സേവിക്കുകയും ലോകനായക് ജയപ്രകാശ് നാരായ​ണന്റെയും ഡോ. ​​ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കുന്നതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാക്കുകയാണ്. കുടുംബത്തിന് എല്ലാ അനുശോചനങ്ങളുമർപ്പിക്കുന്നു", വിവിധ ട്വീറ്റുകളിലായി മോദി കുറിച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമുവും നിര്യാണത്തിൽ അനുശോചിച്ചു. ''മുലായം സിങ് യാദവിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു സാധാരണ പശ്ചാത്തലത്തിൽനിന്ന് വന്ന അദ്ദേഹത്തിന്റെ നേട്ടങ്ങൾ അസാധാരണമായിരുന്നു. എല്ലാ പാർട്ടിക്കാരും അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം!'', രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, മാല്ലികാർജുൻ ഖാർഗെ, മനു അഭിഷേക് സിങ്‍വി, ജയ്റാം രമേശ് തുടങ്ങിയവരും നിര്യാണത്തിൽ അനുശോചനമറിയിച്ചു.

ഇന്ന് രാവിലെയാണ് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുലായം സിങ് (82) അന്തരിച്ചത്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് പുറമേ ഉയർന്ന രക്തസമ്മർദവും ഓക്‌സിജൻ അളവിലെ കുറവും ആരോഗ്യനില വഷളാക്കുകയായിരുന്നു.

Tags:    
News Summary - This death is painful -Prime Minister, an irreparable loss to the country -President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.