സംഭൽ (യു.പി): യു.പിയിലെ സംഭലിൽ 46 വർഷത്തിനുശേഷം കഴിഞ്ഞയാഴ്ച തുറന്ന ഭസ്മ ശങ്കർ ക്ഷേത്രത്തിലെ കിണറ്റിൽ മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. ഖഗ്ഗു സാരായ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ കിണറ്റിൽ 12 അടിയോളം താഴ്ചയിൽ കുഴിച്ചപ്പോൾ ഭാഗികമായി തകർന്ന പാർവതി, ഗണേശ, ലക്ഷ്മി വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. തകർത്തശേഷം കിണറ്റിലിട്ടതാണോ കിണറ്റിലിട്ടപ്പോൾ തകർന്നതാണോ എന്നതൊക്കെ അന്വേഷണത്തിൽ വ്യക്തമാകേണ്ടതാണെന്ന് ജില്ല മജിസ്ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. വർഗീയ കലാപത്തെ തുടർന്നാണ് 1978ൽ ക്ഷേത്രം പൂട്ടിയത്.
കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ക്ഷേത്രത്തിന്റെയും കിണറിന്റെയും കാലപ്പഴക്കം നിശ്ചയിക്കാൻ കാർബൻ ഡേറ്റിങ് പരിശോധനക്കായി ജില്ല ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കത്തെഴുതിയിരുന്നു. ഭക്തർ ക്ഷേത്രം സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. പൂജകളും ആരംഭിച്ചു. ഇവിടെ സുരക്ഷ ജീവനക്കാരെ നിയമിക്കുകയും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്തു.
മുഗൾ കാലഘട്ടത്തിൽ നിർമിച്ച സംഭൽ ശാഹി ജമാമസ്ജിദിൽ സർവേക്കിടെ അഞ്ച് മുസ്ലിം യുവാക്കൾ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം മേഖലയിൽ അധികൃതർ നടത്തുന്ന കൈയേറ്റമൊഴിപ്പിക്കലിനിടെയാണ് അനാഥമായി കിടന്ന ക്ഷേത്രം കണ്ടെത്തിയത്. കലാപത്തെ തുടർന്ന് ഹിന്ദുവിഭാഗങ്ങൾ മേഖലയിൽനിന്ന് ഒഴിഞ്ഞുപോയതോടെയാണ് ക്ഷേത്രം അടച്ചിട്ടതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.