ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രസിഡന്റാകണമെന്ന് വിലക്കയറ്റ വിരുദ്ധ റാലിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ മുറവിളി. ഒട്ടേറെ പ്രവർത്തകർ രാഹുലിനുവേണ്ടി മുദ്രാവാക്യം വിളിച്ചപ്പോൾ കുറെപ്പേർ പോസ്റ്ററും ബാനറുമേന്തിയാണ് എത്തിയത്. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകണമെന്നായിരുന്നു പോസ്റ്ററുകളിലെ ആവശ്യം.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പാർട്ടി നടത്തിയ ആദ്യ പൊതുപരിപാടിയാണ് ഡൽഹിയിൽ നടന്നത്. വീണ്ടും പ്രസിഡന്റാകാൻ രാഹുൽ ഗാന്ധി വിമുഖത പ്രകടിപ്പിക്കുന്ന സന്ദർഭത്തിലാണ് മുറവിളി ശക്തമായത്. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പ്രവർത്തകരെ ആഹ്വാനം ചെയ്തു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്നും തിരുത്തൽപക്ഷം ആവശ്യപ്പെട്ടുവരുകയാണ്. അതേസമയം, പാർട്ടി വിട്ട ഗുലാംനബി ആസാദിനെ ചെന്നുകണ്ട തിരുത്തൽപക്ഷ നേതാക്കളിൽ ഒരാളായ ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡ വേദിയിലുണ്ടായിരുന്നു. ജി-23 സംഘത്തിൽനിന്ന് മാറിയ മുകുൾ വാസ്നിക്കും പങ്കെടുത്തു.
രാഹുൽ നടത്തിയത് ശക്തമായ പ്രസംഗമാണെന്ന് തിരുത്തൽപക്ഷക്കാരനായ ശശി തരൂർ ട്വീറ്റ് ചെയ്തു. റാലിയിൽ വലിയ ജനക്കൂട്ടം എത്തി. ഇനി ഭാരത് ജോഡോ യാത്രയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കയറ്റ വിരുദ്ധ റാലിയിൽ തരൂരും പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഇടയുള്ള രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടുമായി തരൂർ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.