മു​സ്‍ലിംകൾ കടകൾ ഒഴിയണമെന്ന പോസ്റ്റർ; ‘ദേവ്ഭൂമി രക്ഷാ അഭിയാൻ’ അധ്യക്ഷൻ സ്വാമി ദർശൻ ഭാരതിക്കെതിരെ കേസ്

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പുരോലയിൽ മുസ് ലിംകൾ കടകൾ ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റർ പതിച്ച സംഭവത്തിൽ കേസ്. ‘ദേവ്ഭൂമി രക്ഷാ അഭിയാൻ’ എന്ന സംഘടനയുടെ അധ്യക്ഷൻ സ്വാമി ദർശൻ ഭാരതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പുരോലയിൽ മുസ് ലിംകളുടെ കടകൾക്ക് നേരെ വ്യാപക ആക്രമണം നടന്നത്.

അതേസമയം, സ്വാമി ദർശൻ ഭാരതി പ്രഖ്യാപിച്ച മഹാപഞ്ചായത്ത് ഇന്നാണ് നടക്കുന്നത്. എന്നാൽ, കേസെടുത്തതിന് പിന്നാലെ ദർശൻ ഭാരതിയുടെ വസതിക്ക് മുമ്പിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കാരണവശാലും മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്‍റെ തീരുമാനം. മഹാപഞ്ചായത്തിൽ ദർശൻ ഭാരതി പങ്കെടുക്കുന്നത് കുടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് ഉത്തരാഖണ്ഡ് പൊലീസിന്‍റെ വിലയിരുത്തൽ.

മഹാപഞ്ചായത്ത് നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നിഷേധിച്ചിരുന്നു. കൂടാതെ, പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാപഞ്ചായത്തുമായി മുന്നോട്ടു പോയാൽ കർശന നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം.

അതിനിടെ, മഹാപഞ്ചായത്ത് തടയണമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) സമർപ്പിച്ച ഹരജി ഉത്തരാഖണ്ഡ് ഹൈകോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.പി.സി.ആർ സമർപ്പിച്ച അടിയന്തര ഹരജി പരിഗണിക്കാൻ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ക്രമസമാധാനം സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും അതിനാൽ ഹരജിക്കാർ ഹൈകോടതിയെ സമീപിക്കണ​മെന്നും ജസ്റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന അവധിക്കാല ബെഞ്ച് നിർദേശിച്ചത്.

ഉ​ത്ത​ര​കാ​ശി​യി​ലെ പു​രോ​ല​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മേ​യ് 26ന് ​ഉ​ബൈ​ദ് ഖാ​ൻ (24) എ​ന്ന കി​ട​ക്ക വി​ൽ​പ​ന​ക്കാ​ര​നും, ജി​തേ​ന്ദ്ര സൈ​നി (23) എ​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ മെ​ക്കാ​നി​ക്കും അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ൽ ജി​തേ​ന്ദ്ര സൈ​നി​യു​ടെ പേ​ര് മ​റ​ച്ചു​വെ​ച്ച് ഉ​ബൈ​ദ് ഖാ​നെ മാ​ത്രം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ ‘ല​വ് ജി​ഹാ​ദ്’ കേ​സാ​യി അ​വ​ത​രി​പ്പി​ച്ചതാണ് മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചരണമായി പരിണമിച്ചത്.

തു​ട​ർ​ന്ന് തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും വ്യാ​പാ​രി സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രി​ൽ ചി​ല​രും ചേ​ർ​ന്ന് വി​ദ്വേ​ഷ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പു​രോ​ല വി​ട്ടു​പോ​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര ഭ​വി​ഷ്യ​ത്ത് നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​വ​ർ മു​സ്‍ലിം​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജൂ​ൺ 15ലെ ​ഹി​ന്ദു മ​ഹാ​പ​ഞ്ചാ​യ​ത്തി​ന് മു​മ്പ് ക​ട​ക​ൾ കാ​ലി​യാ​ക്ക​ണ​മെ​ന്നും അ​ങ്ങ​നെ ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ന്നീ​ടെ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് സ​മ​യം പ​റ​യു​മെ​ന്നും ‘ദേ​വ്ഭൂ​മി ര​ക്ഷാ അ​ഭി​യാ​ൻ’ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ൽ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ പു​രോ​ല പ​ട്ട​ണ​ത്തി​ലെ മു​സ്‍ലിം​ക​ളു​​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ന്ത്യ​ശാ​സ​ന പോ​സ്റ്റ​ർ പ​തി​ക്കു​ക​യും ചെ​യ്തു.

പുരോലയിൽ നിന്ന് മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം മറ്റു ഭാഗങ്ങളിലേക്കും പടർന്നതായാണ് റിപ്പോർട്ട്. ബാർകോട്ട്, ചിന്യാലിസോർ, നോഗോവ്, ഡാംട്ട, ബർണിഗാഡ്, ശനട്വർ, ഭട്വാരി എന്നിവിടങ്ങളിലേക്കും ഈ വിദ്വേഷപ്പുക പടർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പുഷ്‍കർ സിങ്ങ് ധാമി തന്നെ ‘ലവ് ജിഹാദി’നെ രംഗത്തുവന്നതോടെ ഈ വിദ്വേഷ പ്രചാരണത്തിന് ഉത്തരഖണ്ഡിൽ ഔദ്യോഗിക സ്വഭാവം കൈവന്നു. തെഹ്‍രി ഗഡ്‍വാളിൽ മാലിന്യം പെറുക്കിയും ഐസ്ക്രീം വിറ്റും ജീവിക്കുന്ന ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആളുകളെ പുറത്താക്കിയില്ലെങ്കിൽ ജൂൺ 20ന് ദേശീയ പാത ഉപരോധിക്കുമെന്നാണ് ഹിന്ദു യുവ വാഹിനിയുടെയും തെഹ്‍രി ഗഡ്‍വാൾ വ്യാപരി യൂണിയന്റെയും മുന്നറിയിപ്പ്.

വിദ്വേഷ പ്രചരണത്തിനെതിരെ മുസ്‍ലിം നേതാക്കൾ ഈ മാസം 18ന് ഡെറാഡൂണിൽ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ ഖാദി മുഹമ്മദ് അഹ്മദ് ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന മുസ്‍ലിം നേതാക്കളുടെ യോഗമാണ് മഹാപഞ്ചായത്തിന് തീരുമാനമെടുത്തത്. ഉത്തരഖണ്ഡിലൊന്നാകെ സംജാതമായ സ്ഥിതിവിശേഷം ഡെറാഡൂൺ ഖാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തുവെന്നും പ്രതിഷേധ പരിപാടി എന്ന നിലയിൽ ജൂൺ 18ന് മഹാപഞ്ചായത്ത് വിളിക്കാൻ തീരുമാനിച്ചുവെന്നും മുസ്‍ലിം കൂട്ടായ്മയായ ‘മുസ്ലിം സേവാ സംഘടൻ’ മീഡിയ ഇൻ ചാർജ് വസീം അഹ്മദ് അറിയിച്ചത്.

അതിനിടെ, മു​സ്‍ലിം​ക​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഹി​ന്ദു​ത്വ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ​ നി​ന്ന് സം​ര​ക്ഷ​ണം തേ​ടി ഉ​ത്ത​രാ​ഖ​ണ്ഡ് വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശ​ദാ​ബ് ശം​സ് മു​ഖ്യ​മ​ന്ത്രി പു​ഷ്‍ക​ർ സി​ങ് ധാ​മി​യെ ക​ണ്ടിരുന്നു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മു​സ്‍ലിം​ക​ളു​ടെ സു​​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു​.

Tags:    
News Summary - Threatening Posters: Case against Devbhoomi Raksha Abhiyan president Swami Darshan Bharti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.