ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തിനു പുറമെ, സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പ്രതിനിധി സംഘങ്ങൾക്ക് കൂടിക്കാഴ്ചക്കുള്ള അവസരവും നിഷേധിച്ചു. കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് മണിപ്പൂരിലെ ഭരണകക്ഷിയായ ബി.ജെ.പിയിലെ രണ്ടു പ്രതിനിധി സംഘങ്ങളും കോൺഗ്രസ് സംഘവും ദിവസങ്ങളായി ഡൽഹിയിൽ തങ്ങുകയായിരുന്നു.
സംഘത്തെ നിരാശപ്പെടുത്തിയാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച വൈകീട്ടോടെ യു.എസ് സന്ദർശനത്തിനായി പുറപ്പെട്ടത്. മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നതിൽ പ്രതിപക്ഷ കക്ഷികൾ കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. മെയ് മുതൽ സംസ്ഥാനത്ത് തുടരുന്ന കലാപത്തിൽ നൂറിലധികം പേർക്കാണ് ഇതിനകം ജീവനുകൾ നഷ്ടമായത്. കൂടാതെ, ലക്ഷങ്ങളുടെ നഷ്ടവും ആയിരക്കണക്കിന് പേർ സുരക്ഷിത കേന്ദ്രങ്ങൾ തേടി പോകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, സംഘർഷത്തിൽ ഒരുവാക്കുപോലും മിണ്ടാതെ മൗനിയായി തുടരുകയാണ് പ്രധാനമന്ത്രി. പ്രക്ഷോഭകാരികൾ മണിപ്പൂരിന്‍റെ തെരുവുകളിൽ ആയുധങ്ങളുമായി ഏറ്റുമുട്ടുമ്പോഴും സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ ആക്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി നിശ്ശബ്ദത പാലിച്ചത് ബി.ജെ.പിയെയും വെട്ടിലാക്കി. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികളും പൗരാവകാശ സംഘടനകളും ജനവും രംഗത്തുവന്നിരുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വസതികൾ പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കിയിരുന്നു.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം മണിപ്പൂരിൽനിന്നുള്ള ബി.ജെ.പി എം.എൽ.എമാരുടെ രണ്ടു പ്രതിനിധി സംഘങ്ങൾ പ്രധാനമന്ത്രിയോട് കൂടിക്കാഴ്ചക്ക് സമയം തേടി ജൂൺ 15 മുതൽ ഡൽഹിയിൽ തങ്ങുന്നുണ്ട്. പ്രതിപക്ഷ പ്രതിനിധികൾക്ക് പിന്നാലെ സംസ്ഥാന സർക്കാറും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടിയിരുന്നു. സംഘർഷത്തിൽ വലയുന്ന സംസ്ഥാനത്തുനിന്നെത്തിയ സ്വന്തം പാർട്ടി എം.എൽ.എമാർക്കുപോലും കൂടിക്കാഴ്ചക്ക് സമയം അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തി.
‘ഇന്ന് മണിപ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എമാരുടെ ഒരു സംഘം പ്രതിരോധ മന്ത്രിയെ കണ്ടു. മണിപ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എമാരുടെ മറ്റൊരു സംഘവും ഇന്ന് പ്രധാനമന്ത്രിക്ക് പരാതി സമർപ്പിക്കാൻ പോയി, ജനങ്ങൾക്ക് സംസ്ഥാന ഭരണത്തിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് പരാതിയിലുള്ളത് -മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് പ്രധാന ആവശ്യം. പക്ഷേ, മോദി സംഘത്തെ കണ്ടില്ല. മണിപ്പൂരിൽ ബി.ജെ.പി ഒറ്റക്കെട്ടല്ലെന്നതിന് തെളിവാണിത്. അതുകൊണ്ടാണ് സംസ്ഥാനം ഇന്ന് കടുത്ത വിഭജനം നേരിടുന്നത്. പ്രധാനമന്ത്രി അത് കാര്യമാക്കുന്നില്ല -ജയറാം രമേശ് ട്വീറ്റ് ചെയ്തു.
മുൻ സംസ്ഥാന മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം തേടി ദിവസങ്ങളായി ഡൽഹിയിൽ തങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.