കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര ദിൻജാപൂർ ജില്ലയിൽ പശു മോഷ്ടാക്കൾ എന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുഹമ്മദ് നസീറുൽ ഹഖ് (30), മുഹമ്മദ് സമീറുദ്ദീൻ (32), നസീർ (33) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ നസീറുൽ ഹഖിനെ ഇസ്ലാംപുർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റ് രണ്ടു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
പശുക്കളെ മോഷ്ടിക്കാനായി പ്രദേശത്ത് എത്തിയ പത്ത് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ ഗ്രാമീണരുടെ പിടിയിലകപ്പെടുകയായിരുന്നുവെന്നും തുടർന്ന് ജനക്കൂട്ടം ഇവരെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അസിത് ബസു (29), അസിം ബസു (27), കൃഷ്ണ പോഡാർ (24) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ സാമുദായിക പ്രശ്നം ഇല്ലെന്നും മോഷണവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.