ഗ്വാട്ടിമാല സിറ്റി: അഞ്ച് ദിവസത്തെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഗ്വാട്ടിമാലയിലെത്തി. ഗ്വാട്ടിമാല വിദേശകാര്യ മന്ത്രി സാന്ദ്ര ജോവെലും ഇന്ത്യൻ സ്ഥാനപതി സജീവ് ബാബു കുറുപ്പും ചേർന്ന് ഉപരാഷ്ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഗ്വാട്ടിമാല സൈന്യം നൽകിയ ഗാർഡ് ഒാഫ് ഹോണർ ഉപരാഷ്ട്രപതി പരിശോധിച്ചു.
ഗ്വാട്ടിമാല, പെറു, പനാമ എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് ഉപരാഷ്ട്രപതി അഞ്ചു ദിവസത്തെ സന്ദർശനം നടത്തുക. വ്യാപാരം, വാണിജ്യം, നിക്ഷേപം, ഐ.ടി, പരമ്പരാഗത വൈദ്യം, ബഹിരാകാശം, പ്രതിരോധം, സംസ്കാരം അടക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.
കേന്ദ്ര ഗോത്രകാര്യ മന്ത്രി ജസ് വന്ത് സിങ് സുമൻബാഹി ഭാഭർ, എം.പിമാർ, മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഉപരാഷ്ട്രപതിയെ അനുഗമിക്കും. ഉപരാഷ്ട്രപതിയായ ശേഷം വെങ്കയ്യ നായിഡു നടത്തുന്ന ആദ്യ വിദേശ യാത്രയാണിത്.
2014 ജൂലൈയിൽ ബ്രസീലും 2016ൽ മെക്സികോയും സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.