കൂട്ടബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ പരാതി സ്വീകരിക്കാതെ മൂന്ന് പൊലീസ് സ്റ്റേഷനുകൾ

ഭുവനേശ്വർ: ഒന്നിലധികം കൂട്ടബലാത്സംഗങ്ങളെ അതിജീവിച്ച 19 കാരിയായ കോളജ് വിദ്യാർഥിയുടെ പരാതി സ്വീകരിക്കാൻ ഒഡിഷയിലെ കട്ടക്കിലെ മൂന്ന് പൊലീസ് സ്റ്റേഷനുകൾ വിസമ്മതിച്ചതായി കോൺഗ്രസ് ആരോപിച്ചു. യുവതിയെ ഒരു സ്റ്റേഷനിൽനിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് പോയി പരാതി നൽകാൻ പ്രേരിപ്പിച്ചതിൽ പൊലീസി​ന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസി​ന്‍റെ കട്ടക്ക്-ബരാബതി എം.എൽ.എ സോഫിയ ഫിർദൗസ് ആവശ്യപ്പെട്ടു.

ബദാംബാഡി പൊലീസ് സ്‌റ്റേഷൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് യുവതി പുരി ഘട്ട് പൊലീസ് സ്‌റ്റേഷനിലേക്കും പിന്നീട് സദർ പൊലീസ് സ്‌റ്റേഷനിലേക്കും തുടർന്ന് ബരാംഗിലേക്കും പോയിരുന്നു. യുവതിയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗം ചെയ്തതിനും ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതിനും കാമുകൻ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദസറ സമയത്ത് ത​ന്‍റെ ജന്മദിനം ആഘോഷിക്കാൻ കാമുകനൊപ്പം പുരി ഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കഫേയിൽ പോയെന്നാണ് യുവതി പറയുന്നത്. എന്നാൽ, കഫേ ഉടമയുടെ സഹായത്തോടെ കാമുകൻ അവരുടെ ചില സ്വകാര്യ നിമിഷങ്ങൾ ഫോണിൽ ചിത്രീകരിച്ചു.

ആ വിഡിയോ ഉപയോഗിച്ച് കാമുകനും സുഹൃത്തുക്കളും ചേർന്ന് അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. നവംബർ നാലിന് പരാതി നൽകിയെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടിയെന്നും പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഫിർദൗസ് ശനിയാഴ്ച ഡി.ജി.പി വൈ.ബി ഖുറാനിയയെ കണ്ട് നിവേദനം സമർപിച്ചു. പരാതിയിൽ ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാലതാമസം ഭയാനകമാണ്. ഇത് നിയമ നിർവഹണ ഏജൻസികളുടെ പ്രതികരണത്തെക്കുറിച്ച് ഗൗരവമായ ആശങ്ക ഉയർത്തുന്നു. പ്രത്യേകിച്ചും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ -അവർ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച എം.എൽ.എ ഇപ്പോൾ അവളെ  ബന്ധപ്പെടാൻ കഴിയില്ലെന്നും പറഞ്ഞു. ജനസാന്ദ്രതയേറിയ കട്ടക്കിൽ ഇത്തരം സംഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ ഈ നഗരത്തിൽ ഇതൊ​ക്കെ നടക്കുന്നുവെങ്കിൽ അത് ആശങ്കാജനകമാണെന്നും അവർ പറഞ്ഞു.
എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കട്ടക്ക് ഡെപ്യൂട്ടി പൊലീസ് കമീഷണർ ജഗ്‌മോഹൻ മീണ പറഞ്ഞു. പൊലീസ് കേസെടുത്തില്ല എന്ന ആരോപണത്തെ കുറിച്ച് ആദ്യം എം.എൽ.എയിൽ നിന്നാണ് ഞങ്ങൾ അറിഞ്ഞത്. ഇക്കാര്യം തീർച്ചയായും അന്വേഷിക്കും. എന്നാൽ, ഇരയോ അവളുടെ കുടുംബത്തിൽ നിന്നുള്ളവരോ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മീണ പറഞ്ഞു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് സംസ്ഥാന സർക്കാറിന് യാതൊരു സഹിഷ്ണുതയും ഇല്ലെന്നും 2026 ഓടെ ഒഡിഷയെ ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പ്രതികരിച്ചു.

Tags:    
News Summary - Three police stations refused to take complaint of Cuttack gang rape survivor: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.