ന്യൂഡൽഹി: ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശിപാർശ സർക്കാർ വെച്ചു താമസിപ്പിക്കുന്നത് നിയമിക്കാനുള്ള ജഡ്ജിമാരുടെ കാര്യത്തിൽ സർക്കാറിൽ ഒരു ‘മൂന്നാം കക്ഷി’യുടെ ഇടപെടലുണ്ടെന്ന തോന്നലുണ്ടാക്കുമെന്നും ഇത് അസ്വീകാര്യമാണെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. കൊളീജിയം ശിപാർശ നീട്ടിക്കൊണ്ടുപോകുന്നത് നീതിനിർവഹണത്തെ തടസ്സപ്പെടുത്തുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ജഡ്ജിനിയമനത്തിനുളള 22 പേരുടെ ശിപാർശകൾ കൊളീജിയം ആവർത്തിച്ചു നൽകിയിട്ടും കേന്ദ്രം തിരിച്ചയച്ചുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. അതേസമയം, ജഡ്ജി നിയമനത്തിലെ ചില ശിപാർശകളിൽ സുപ്രീംകോടതി കൊളീജിയവുമായുള്ള ഭിന്നത തീർന്നില്ലെന്ന് കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു.പത്ത് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിന് സെപ്റ്റംബർ, നവംബർ മാസാവസാനങ്ങളിൽ കൊളീജിയം ശിപാർശ നൽകിയതാണ് എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതിൽ സർക്കാറിന് പരിമിതമായ റോളേ ഉള്ളൂ. അവ തീരുമാനമെടുക്കാതെ പിടിച്ചുവെക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് കൊളീജിയത്തിന് അസ്വീകാര്യമാണെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയോട് പറഞ്ഞു.
ജഡ്ജിമാരോടും ഹൈകോടതി ചീഫ് ജസ്റ്റിസുമാരോടും കൂടിയാലോചിച്ചാണ് സുപ്രീംകോടതി കൊളീജിയം സ്ഥലംമാറ്റത്തിന് ശിപാർശ തയാറാക്കുന്നത്. അതിലുള്ള കാലതാമസം നീതിനിർവഹണത്തെ തടസ്സപ്പെടുത്തും. മാത്രമല്ല, ഈ ജഡ്ജിമാരുടെ കാര്യത്തിൽ മൂന്നാമതൊരു കക്ഷി സർക്കാറിൽ ഇടപെടുന്നുവെന്ന തോന്നലുണ്ടാക്കും.
ഹൈകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശിപാർശ ചെയ്ത104 പേരിൽ 44 ശിപാർശകൾക്ക് മൂന്നു ദിവസത്തിനകം അംഗീകാരം നൽകുമെന്ന് എ.ജി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ആവർത്തിച്ച് ശിപാർശ ചെയ്ത അഞ്ച് പേരുടെ കാര്യത്തിൽ ചില വിയോജിപ്പുകളുണ്ടെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും കേന്ദ്രം വ്യക്തമാക്കി.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഹൈകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം നിർദേശിച്ച 104 പേരിൽ 44 ജഡ്ജിമാരുടെ പേരുകൾ മൂന്നു ദിവസത്തിനകം അംഗീകരിച്ചയക്കും എന്നും അവശേഷിക്കുന്നവ സമയബന്ധിതമായി പൂർത്തിയാക്കും എന്നും എ.ജി വ്യക്തമാക്കി. എന്നാൽ, സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം നൽകിയ അഞ്ചു പേരുടെ ശിപാർശ എന്തായി എന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ തിരിച്ചു ചോദിച്ചപ്പോൾ അഭിപ്രായഭിന്നതയുണ്ട് എന്നായിരുന്നു എ.ജിയുടെ മറുപടി. അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെ ശിപാർശ കുറച്ച് സമയത്തേക്ക് മാറ്റിവെക്കുമോ എന്ന് അറ്റോണി ചോദിച്ചു. വിഷയത്തിൽ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായേക്കാമെന്നും അദ്ദേഹം തുടർന്നു. അതിനാൽ ഒരു മാസം സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിർന്ന ജഡ്ജിമാർ വിരമിക്കുന്നതോടെ കൊളീജിയത്തിൽ മാറ്റമുണ്ടാകുന്നതുവരെ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും രണ്ടാഴ്ചയിൽ കൂടുതൽ അനുവദിക്കരുതെന്നും ഹരജിക്കാർക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. കൊളീജിയം ആവർത്തിച്ചയക്കുന്ന പേരുകൾ കേന്ദ്രം തിരിച്ചയക്കുന്നത് ഇനിയും അനിശ്ചിതമായി തുടരാനാവില്ലെന്ന് ഭൂഷൺ ബോധിപ്പിച്ചപ്പോൾ ആ വാദം അംഗീകരിക്കുന്നുവെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. കേസ് ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.