ന്യൂഡൽഹി: തനിക്ക് ഇഷ്ടമുള്ളപ്പോൾ മാത്രമേ രാജ്യസഭയിൽ പോകൂവെന്ന് പറഞ്ഞ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ രഞ്ജൻ ഗൊഗോയിക്കെതിരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ അവകാശലംഘന നോട്ടീസ് നൽകി. രാജ്യസഭ എം.പിയായ ഗൊഗോയ് ദേശായ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രസ്താവന നടത്തിയത്.
തൃണമൂൽ അംഗങ്ങളായ മൗസം നൂർ, ജവഹർ സിർക്കാർ എന്നിവർ രാജ്യസഭാ സെക്രട്ടറിജനറലിന് അവകാശലംഘന നോട്ടീസ് നൽകിയത്. രാജ്യസഭക്ക് പുറത്തുനടത്തിയ പരാമർശങ്ങളും പരിശോധിക്കാൻ പ്രിവിലേജ് കമ്മിറ്റിക്ക് അധികാരമുണ്ടെന്നും നോട്ടീസിൽ പറഞ്ഞു.
കോവിഡ് കാലമായതിനാൽ സഭയിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും ഏതെങ്കിലും പ്രധാന വിഷയത്തിൽ താൻ അഭിപ്രായം പറഞ്ഞേ മതിയാകൂ എന്ന സന്ദർഭത്തിൽ മാത്രമേ രാജ്യസഭയിൽ ഹാജരാകൂ എന്നുമായിരുന്നു ഗൊഗൊയ് പറഞ്ഞത്. രാജ്യസഭയിൽനിന്ന് താൻ ഒരു പൈസപോലും വരുമാനമുണ്ടാക്കുന്നില്ലെന്നും ഏതെങ്കിലും ട്രിബ്യൂണലിലായിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചമുണ്ടാക്കാമായിരുന്നെന്നും ഗൊഗോയ് പറഞ്ഞിരുന്നു.
'ജസ്റ്റിസ് ഫേർ ദ ജഡ്ജ്' എന്ന അദ്ദേഹത്തിന്‍റെ ആത്മകഥ ഈയിടെയാണ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.