ന്യൂഡൽഹി: മൻമോഹൻ സിങ്ങിന്റെ മരണശേഷം അനുശോചനത്തിനുപോലും തയാറാകാത്ത കായികരംഗത്തെയും ചലച്ചിത്രരംഗത്തെയും പ്രമുഖരെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി രംഗത്തെത്തി. സർക്കാറിന്റെ അപ്രീതി നേടാതിരിക്കാനാവും ഇവരുടെ ‘സമ്പൂർണ നിശബ്ദത’യെന്ന് അദ്ദേഹം വിമർശിച്ചു.
പലപ്പോഴും ‘റോൾ മോഡലുകൾ’ ആയി ആഘോഷിക്കപ്പെടുന്നവരുടെ പൂർണ നിശബ്ദത ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണ്. കർഷക പ്രതിഷേധങ്ങളിലും സി.എ.എ-എൻ.ആർ.സി പ്രതിഷേധങ്ങളിലും മണിപ്പൂരിൽ കലാപങ്ങളിലും ഇവർ നിശബ്ദരായിരുന്നു’ - അഭിഷേക് ബാനർജി എക്‌സിൽ കുറിച്ചു.
മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകളിൽ അനാദരവുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ ചിത്രീകരിക്കാൻ അനുവദിച്ചില്ലെന്നും മൻമോഹൻ സിങ്ങിന്റെ കുടുംബത്തെ പോലും കാണിക്കാതെ ക്യാമറ അമിത് ഷായേയും നരേന്ദ്ര മോദിയേയും കേന്ദ്രീകരിച്ചുവെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തിയിരുന്നു.
മൻമോഹൻ സിങ്ങിന്റെ കുടുംബത്തിനു മുൻനിരയിൽ 3 കസേരകൾ മാത്രമാണ് അനുവദിച്ചത്. അദ്ദേഹത്തിന്റെ പെൺമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും സീറ്റ് വേണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർബന്ധിക്കേണ്ടിവന്നു. മൻമോഹൻ സിങ്ങിന്റെ ഭാര്യയ്ക്ക് ദേശീയ പതാക കൈമാറുമ്പോഴോ ഗാർഡ് ഓഫ് ഓണർ നൽകിയപ്പോഴോ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല. കുടുംബത്തിനു ചിതയ്ക്ക് ചുറ്റും മതിയായ ഇടം നൽകിയില്ല. പൊതുജനങ്ങളെ ചടങ്ങിൽനിന്ന് ഒഴിവാക്കിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.