സെബി മേധാവിയെ പാർലമെന്‍റ് കമ്മിറ്റിക്ക് മുമ്പാകെ കൊണ്ടുവരണമെന്ന് സൗഗത റോയ്; എതിർത്ത് ബി.ജെ.പി നേതാവ്

കൊൽക്കത്ത: ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെ പാർലമെന്‍റി​ന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ വിളിച്ചുവരുത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് ആവശ്യ​പ്പെട്ടു. ജൽ ജീവൻ മിഷ​ന്‍റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് സെബി മേധാവിയെ പാനലിന് മുമ്പാകെ ഹാജരാക്കണമെന്ന് റോയ് ആവശ്യപ്പെട്ടത്.

എന്നാൽ, ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ ഈ ആവശ്യത്തെ എതിർത്തു. കേന്ദ്ര സർക്കാറി​ന്‍റെ ഉത്തരവില്ലാതെ സി.എ.ജി പ്രിൻസിപ്പൽ ഓഡിറ്റർക്ക് സെബിയെ ഓഡിറ്റ് ചെയ്യാൻ കഴിയില്ലെന്നും ധനകാര്യത്തിലെ പിഴവുകളുടെ തെളിവില്ലാതെ പി.എ.സിക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നും ദുബെ യോഗത്തിൽ പറഞ്ഞു. ഏറ്റവും പഴക്കമുള്ള പാർലമെന്‍ററി പാനലായ പി.എ.സിക്ക് അതി​ന്‍റെ നിർവചിക്കപ്പെട്ട നിയമങ്ങൾ ഉണ്ടെന്നും സ്വമേധയാ കേസെടുത്താൽ അത് തെളിവുകൾ സഹിതം തെളിയിക്കേണ്ടതുണ്ടെന്നും ദുബെ പറഞ്ഞു.

യു.എസ് ആസ്ഥാനമായുള്ള സ്ഥാപനമായ ഹിൻഡർബർഗ് റിസർച്ച് മാധബിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലേക്ക് വിദേശത്തുനിന്ന് പണമൊഴുക്കിയെന്ന് കരുതുന്ന കടലാസ് കമ്പനികളിൽ മാധബിക്കും ഭർത്താവ് ധവാൽ ബുചിനും നിക്ഷേപമുണ്ടെന്നായിരുന്നു അതിലൊന്ന്. അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്താൻ സെബി മടിക്കുന്നതിന് പിന്നിലെ കാരണം വേറെയല്ലെന്നും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിരുന്നു.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുടെ നിയന്ത്രണത്തിൽ മൗറീഷ്യസിലും ബർമുഡയിലും കടലാസ് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവ വഴി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികളിലേക്ക് അദാനി തന്നെ നിക്ഷേപം നടത്തി ഓഹരി വില പെരുപ്പിച്ചു. ഇങ്ങനെ വില കൂട്ടിയ ഓഹരികൾ ഈടുവച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നുമാണ് ഹിൻഡൻബർഗ് ആദ്യമുന്നയിച്ച ആരോപണം. ഇത് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് അറിയാമായിരുന്നിട്ടും നടപടിയുണ്ടായില്ല. ഇക്കാര്യം അന്വേഷിക്കേണ്ട സെബി, അദാനിയെ സംരക്ഷിക്കാനുള്ള നടപടികളാണ് എടുത്തതെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.

Tags:    
News Summary - TMC's Saugata Roy demands calling Sebi chief before parliamentary panel, BJP's Nishikant Dubey objects citing rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.